ജബൽ ഷംസ് ഗ്രാമങ്ങളിൽ ആപ്രിക്കോട്ട് വിളവെടുപ്പ്
സീസൺ വിളവെടുപ്പിന്റെ തുടക്കത്തിൽ ആപ്രിക്കോട്ടിന്റെ വില മൂന്ന് റിയാൽ വരെ ഉയരാറുണ്ട്

മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവർണറേറ്റിലെ ഹംറയിലെ ജബൽ ഷംസ് ഗ്രാമങ്ങൾ സീസണൽ പഴങ്ങളുടെ കൃഷിക്ക് പേരുകേട്ടയിടമാണ്. ഇപ്പോൾ ആപ്രിക്കോട്ട് വിളവെടുപ്പിന് പാകമായി നിൽക്കുന്ന മനോഹര കാഴ്ചകാണാം.
ഹംറ വിലായത്തിലെ ജബൽ ഷംസ് ഗ്രാമങ്ങളിൽ ആപ്രിക്കോട്ട്, പ്ലം പഴങ്ങളുടെ വിളവെടുപ്പിന് പാകമായി നിൽക്കുന്ന സമയമാണിപ്പോൾ. ഹംറ വിലായത്തിലെ ജബൽ ഷംസ് ഗ്രാമങ്ങൾ ആപ്രിക്കോട്ട് കൃഷിക്ക് ഏറെ പേരുകേട്ടയിടമാണ്, വേനൽക്കാലത്തിന്റെ തുടക്കത്തിൽ ഈ സീസണൽ പഴം സമൃദ്ധമായി ലഭിക്കും. സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ ഉയരത്തിലുള്ള പർവതശിഖരങ്ങളിലാണ് ഇത് നടുന്നത്. ജബൽ ഷംസിലെ ദാർ അൽ-സൂദ, ദാർ ലഖൂർ, മിസ്ഫത്ത് അൽ-ഖവാതിർ ഗ്രാമങ്ങളിലാണ് ആപ്രിക്കോട്ട് പഴം കൃഷി ചെയ്യുന്നത്. വേനൽക്കാലത്ത് മിതമായ താപനിലയും ശൈത്യകാലത്ത് തണുപ്പും ആവശ്യമുള്ള നിരവധി സീസണൽ പഴങ്ങൾ ഇവിടെ കൃഷിചെയ്യാറുണ്ട്. ജബൽ ഷംസിലെ ഗ്രാമങ്ങൾക്കായുള്ള ജലപദ്ധതിക്ക് പുറമേ, വയലിലെ വിളകൾക്ക് ജലസേചനം നൽകുന്നതിനായി പ്രവർത്തിക്കുന്ന ജലപദ്ധതിയും നിലവിലുണ്ട്. മെയ് മാസത്തിൽ മൂന്ന് ആഴ്ചയിൽ കൂടാത്ത ചെറിയ സീസണുകളിൽ ഒന്നാണ് ആപ്രിക്കോട്ട് സീസൺ. വിളവെടുപ്പിന്റെ തുടക്കത്തിൽ വില ഏകദേശം മൂന്ന് റിയാൽ വരെ ഉയരും സീസൺ അവസാനിക്കുമ്പോൾ കിലോഗ്രാമിന് ഒരു റിയാലിലെത്തുകയും ചെയ്യും. ഹംറയിലെ കാർഷിക സമ്പത്ത്, ജലവിഭവം, സീസണൽ വിളകളുടെ പ്രാധാന്യം, പ്രാദേശിക വിപണിയിൽ അവ ചെലുത്തുന്ന സ്വാധീനം എന്നിവയെക്കുറിച്ച് കർഷകർക്കുള്ള ബോധവൽക്കരണ പരിപാടികളും കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ തുടരുന്നുണ്ട്.
Adjust Story Font
16

