ഒമാനിൽ 68 പേരുടെ പൗരത്വം പുനഃസ്ഥാപിച്ചു
പൗരത്വ നിയമത്തിൽ ഒമാൻ അടുത്തിടെ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർത്തിരുന്നു

മസ്കത്ത്: ഒമാനിൽ 68 പേർക്ക് പൗരത്വം പുനഃസ്ഥാപിച്ച് ഉത്തരവിറക്കി സുൽത്താൻ ഹൈതം ബിൻ താരിഖ്. രാജ്യത്തിന്റെ ദേശീയതാ ചട്ടക്കൂടിന് അനുസൃതമായും ആഭ്യന്തര മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലുമാണ് നടപടി. പൗരത്വ നിയമത്തിൽ ഒമാൻ അടുത്തിടെ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർത്തിരുന്നു.
പൗരത്വം ഉപേക്ഷിച്ച് മറ്റൊരു പൗരത്വം നേടിയ ഒമാനി വംശജർക്ക് നിബന്ധനകൾക്ക് വിധേയമായി പൗരത്വം പുനഃസ്ഥാപിക്കാൻ അപേക്ഷിക്കാനാവും. അപേക്ഷകർ ഒമാനിൽ താമസക്കാരായിരിക്കണം അല്ലെങ്കിൽ രാജ്യത്ത് തിരിച്ചെത്തി സ്ഥിരതാമസമാക്കാനുള്ള ഉറപ്പ് രേഖാമൂലം നൽകണം. കൂടാതെ മുന്‍പ് സ്വീകരിച്ച മറ്റൊരു രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതിന്റെ രേഖകളും ഹാജരാക്കണം. പൗരത്വത്തിനായുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.
ആഭ്യന്തര മന്ത്രിയുടെ ശുപാർശ പ്രകാരം രാജകീയ ഉത്തരവ് വഴിയാണ് ഒമാനി പൗരത്വം പുനഃസ്ഥാപിക്കുക. അതേസമയം, വിദേശകൾക്കുള്ള പൗരത്വ നിയമത്തിൽ ഒമാൻ കൂടുതൽ കർശന വ്യവസ്ഥകൾ കൂട്ടിച്ചേർത്തിരുന്നു, രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസിക്കുന്നവരായിരിക്കണം. അറബി ഭാഷയിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രം എന്നിവയും വിദേശികൾക്ക് പൗരത്വം ലഭിക്കാൻ അനിവാര്യമാണ്. പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമർപ്പിച്ചതായി കണ്ടെത്തിയാൽ കഠിന ശിക്ഷയും നേരിടേണ്ടിവരും. പൗരത്വത്തിനായുള്ള അപേക്ഷക്ക് 600 റിയാലും പൗരത്വ ഉപേക്ഷിക്കലിന് 200 റിയാലുമാണ് ഫീസ്.
Adjust Story Font
16

