ഡ്രോണുകളുടെ വിൽപനയും രജിസ്ട്രേഷനും നിയന്ത്രിക്കും; പുതിയ മാർഗനിർദേശങ്ങളുമായി സിവിൽ ഏവിയേഷൻ അതോറിറ്റി
അംഗീകൃത വിൽപന കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഡ്രോണുകൾ വാങ്ങണമെന്നും അധികൃതർ നിർദേശിച്ചു

മസ്കത്ത്: ഒമാനിൽ ഡ്രോണുകളുടെ വിൽപനയും രജിസ്ട്രേഷനും നിയന്ത്രിക്കുന്നതിനായി സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രാജ്യത്തെ വ്യോമയാന സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫെബ്രുവരി 17 ന് പുറത്തിറക്കിയ ഈ പുതിയ ഉത്തരവ്. ഡ്രോണുകൾ വിൽക്കുന്ന എല്ലാ ഔട്ട്‌ലെറ്റുകൾക്കും ലൈസൻസ് ഉണ്ടായിരിക്കണമെന്നും അംഗീകൃത വിൽപന കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഡ്രോണുകൾ വാങ്ങണമെന്നും അധികൃതർ നിർദേശിച്ചു.
അംഗീകൃതമല്ലാത്ത വഴികളിലൂടെ ഡ്രോണുകൾ വിൽക്കുന്നതോ, വ്യാപാരം നടത്തുന്നതോ, പ്രവർത്തിപ്പിക്കുന്നതോ നിയമപരമായ നടപടികൾക്ക് കാരണമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. നിലവിലുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. ഒമാനിലെ ഡ്രോൺ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും നിയമവിധേയമാക്കുന്നതിനുമുള്ള വിപുലമായ നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
Adjust Story Font
16

