ദോഫാർ ഖരീഫ് 2025: അഞ്ച് പ്രധാന വേദികൾ, നിരവധി ഉപവേദികൾ
ജൂൺ 21 മുതൽ സെപ്റ്റംബർ 20 വരെയാണ് സീസൺ

സലാല: ഒമാനിൽ ജൂൺ 21 മുതൽ സെപ്റ്റംബർ 20 വരെ നീണ്ടുനിൽക്കുന്ന ദോഫാർ ഖരീഫ് 2025 സീസണിന്റെ വിശദാംശങ്ങൾ ദോഫാർ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി പുതിയ പരിപാടികളും കൂടുതൽ സൗകര്യങ്ങളും ഈ സീസണിലുണ്ടാകും. ഈ സീസൺ ദോഫാറിനെ വിനോദസഞ്ചാര, സാംസ്‌കാരിക കേന്ദ്രമായി ഉയർത്തിക്കാട്ടുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സിൻ അൽ ഗസ്സാനി പറഞ്ഞു.
ഇത്തീൻ സ്‌ക്വയർ, അൽ സആദ ഏരിയ, ഔഖാദ് പാർക്ക്, ഇത്തീൻ പ്ലെയിൻ, സലാല പബ്ലിക് പാർക്ക് എന്നീ അഞ്ച് പ്രധാന സ്ഥലങ്ങളിലായാണ് പരിപാടികൾ. പ്രദേശത്തിന്റെ പ്രകൃതിദത്തവും സാംസ്‌കാരികവുമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന വ്യത്യസ്ത പരിപാടികൾ ഓരോ സൈറ്റിലും ഉണ്ടായിരിക്കും. ഉയർന്ന നിലവാരവും വൈവിധ്യമാർന്ന ഉള്ളടക്കവും ഉറപ്പാക്കാൻ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വേദികൾ തയ്യാറാക്കിയിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
പ്രധാന സ്ഥലങ്ങൾക്കൊപ്പം, മറ്റ് നിരവധി വേദികളിൽ പൊതു, സാംസ്‌കാരിക ആക്ടിവിറ്റികൾ നടക്കും. ഫ്രാങ്കിൻസെൻസ് മാർക്കറ്റ്, സലാല ഫാമിലെ 'അൽ ഗർഫ്' ഇവന്റ്, റയ്‌സൂത്ത് ബീച്ചിലെ പരിപാടികൾ, ആധുനിക ദൃശ്യ പ്രദർശന സംവിധാനങ്ങൾ ഉപയോഗിച്ചുള്ള അൽ നഹ്ദ ടവറിലെ കലാപരമായ ചുവർചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. താഖ, മിർബാത്ത്, സദ വിലായത്തുകളിലും സലാലയിലെ അൽ ഹാഫ ബീച്ച് മാർക്കറ്റ്, സംഹറം വില്ലേജ് എന്നിവിടങ്ങളിലും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
സലാല ഇന്റർനാഷണൽ സൈക്ലിംഗ് ടൂർ, ദോഫാർ ഇന്റർനാഷണൽ ഡ്രാഗ് റേസിംഗ് ചാമ്പ്യൻഷിപ്പ്, സലാല മാരത്തൺ, ദോഫാർ ഖരീഫ് പരമ്പരാഗത ആയുധ മത്സരം തുടങ്ങിയ പ്രധാന കായിക ഇനങ്ങളും സീസണിൽ നടക്കും. സലാലയിലെ അൽ മുറൂജ് തിയേറ്ററിൽ നാടക പ്രകടനങ്ങളും സെമിനാറുകളും നടക്കും. പ്രാദേശിക, അന്തർദേശീയ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.
സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കാനും അനുവദിക്കുന്ന തരത്തിൽ ഖരീഫ് സീസണിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി പ്രത്യേക സ്ഥലം അനുവദിക്കാനും ദോഫാർ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നുണ്ട്.
Adjust Story Font
16

