സലാലയിൽ ആദ്യത്തെ 3D പ്രിൻഡ് മസ്ജിദ് നിർമിക്കാൻ ദോഫാർ മുൻസിപ്പാലിറ്റി
ത്രീഡി പ്രിൻഡ് സാങ്കേതികവിദ്യ വസ്തുക്കളുടെ പാഴ്ച്ചെലവ് കുറക്കാനും നിർമാണം വേഗത്തിലാക്കാനും സഹായിക്കുന്നു

മസ്കത്ത്: സലാലയിൽ ആദ്യത്തെ ത്രീഡി പ്രിൻഡ് മസ്ജിദ് നിർമിക്കാൻ ദോഫാർ മുൻസിപ്പാലിറ്റി കരാർ ഒപ്പിട്ടു. ദോഫാർ മുൻസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്സിൻ അൽ ഗസ്സാനിയും എൻജിനീയർ യാസർ ബിൻ സഈദ് അൽ ബറാമിയും ചേർന്നാണ് കരാറിൽ ഒപ്പിട്ടത്. ത്രീഡി പ്രിൻഡിങ് നിർമാണ സംഗതികവിദ്യകളിൽ വൈദഗ്ധ്യമുള്ള ഇന്നോടെക്ക് ഒമാൻ എന്ന കമ്പനിയാണ് ആദി ആർക്കിടെക്റ്റ്സുമായി ചേർന്ന് പദ്ധതി നടപ്പാക്കുക. ഇസ്ലാമിക സ്വത്വം പ്രതിഫലിക്കുകയും നഗര സുസ്ഥിരതയിലെ ഏറ്റവും പുതിയ പ്രവണതകൾക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന നൂതനമായ നഗരമുഖങ്ങൾ വികസിപ്പിക്കാനുള്ള ധോഫാർ ഗവർണറേറ്റിന്റെ കാഴ്ചപ്പാടിനെ ഈ പദ്ധതി ഉൾക്കൊള്ളുന്നുവെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ വിശദീകരിച്ചു.
ത്രീഡി പ്രിൻഡ് സാങ്കേതികവിദ്യ സ്വീകരിക്കുന്നത് വസ്തുക്കളുടെ പാഴ്ച്ചെലവ് കുറക്കാനും നിർമാണം വേഗത്തിലാക്കാനും സഹായിക്കുന്നു. കൂടാതെ സ്വാഭാവിക വെളിച്ചം, പുനരുപയോഗ ഊർജ്ജം, തീരദേശ കാലാവസ്ഥക്ക് അനുയോജ്യമായ പ്രാദേശിക വസ്തുക്കളുടെ ഉപയോഗം, ഉപ്പിനെയും കാറ്റിനെയും പ്രതിരോധിക്കുന്ന സസ്യങ്ങൾ പോലുള്ള സുസ്ഥിരതാ ഘടകങ്ങളെ സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഈ സംരംഭത്തിന്റെ പ്രാധാന്യത്തെയും ഗവർണറേറ്റിന്റെ സുസ്ഥിരമായ നഗരസ്വത്വം മെച്ചപ്പെടുത്തുന്നതിൽ ഇതിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ ഓവൽ ആകൃതിയിലുള്ള പ്രാർഥനഹാളിന് നടുവിൽ ഒരു സ്കൈലൈറ്റ് (മുകളിൽ നിന്നുള്ള ജനൽ) സ്ഥാപിക്കുന്നുണ്ട്. ഇത് നൂതന വാസ്തുവിദ്യയുടെ ശൈലിയിൽ പ്രകൃതിദത്തമായ പ്രകാശം കടത്തിവിടാൻ സഹായിക്കും. അതേസമയം, മിനാരത്തിന്റെ രൂപകൽപ്പന ഒമാനി കപ്പലിൽ നിന്നും പരമ്പരാഗത സുഗന്ധദ്രവ്യങ്ങൾ കത്തിക്കുന്ന പാത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്.
Adjust Story Font
16

