ഖരീഫ് സീസണിനൊരുങ്ങി ദോഫാർ
ജൂണ്‍ 21 മുതലാണ് സീസണിന് തുടക്കമാവുക

മസ്കത്ത്: ഖരീഫ് സീസണിൽ വിനോദ സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഒമാനിലെ ദോഫാർ. ഖരീഫ് ആസ്വദിക്കാനായി ദോഫാറിലെത്തുന്നവരെ കാത്തിരിക്കുന്നത് 100 കേന്ദ്രങ്ങളും 7,300 മുറികളുമാണെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടറേറ്റ് ജനറൽ സ്ഥിരീകരിച്ചു. ജൂണ്‍ 21 മുതലാണ് സീസണിന് തുടക്കമാവുക. സലാല, താഖ, മിർബാത്ത് എന്നിവിടങ്ങളിൽ പുതിയ ഹോട്ടൽ തുറക്കലുകളിലൂടെയാണ് ഈ വിപുലീകരണം. ഒമാനിലെ ടൂറിസത്തിന്റെ നിർണായക കാലഘട്ടമായ ഖരീഫ് 2025 നുള്ള വിപുലമായ തയ്യാറെടുപ്പുകളുടെ ഭാഗമാണിത്. ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുമായി പൈതൃക-ടൂറിസം മന്ത്രാലയം പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും പ്രാദേശിക വികസനത്തിനും ടൂറിസത്തെ നിർണായക സംഭാവന നൽകുന്ന ഒമാൻ വിഷൻ 2040ന്റെ ഭാഗം കൂടിയാണിത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024 ഖരീഫ് സീസണിൽ ദോഫാർ സ്വാഗതം ചെയ്തത് പത്ത് ലക്ഷത്തിന് മുകളിൽ സന്ദർശകരെയായിരുന്നു. ഇത് 2023 നെ അപേക്ഷിച്ച് 9 ശതമാനം വർധനവാണ്. ഒമാനി സന്ദർശകരുടെ എണ്ണം 7,34,500 ആയിരുന്നു. അതേസമയം ഗൾഫ് സന്ദർശകരുടെ എണ്ണം 16.9 ശതമാനം വർദ്ധിച്ച് 1,77,000 ആയി. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരിലും 3.6 ശതമാനം എന്ന വർധനവ് രേഖപ്പെടുത്തി.
Adjust Story Font
16

