സലാലയിൽ 'വഖ്ഫ് ഭേദഗതി ബിൽ' ചർച്ച സംഗമം
മതേതര വിരുദ്ധമായ ഭേദഗതി ബിൽ സുപ്രിംകോടതി തിരുത്തുമെന്നു ചർച്ചയിൽ പങ്കെടുത്തവർ പ്രത്യാശ പ്രകടിപ്പിച്ചു

സലാല: വഖഫ് ഭേദഗതി ബിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന നിയമഭേദഗതിയാണെന്ന് യൂത്ത് അസോസിയേഷൻ ഓഫ് സലാല ചർച്ച സംഗമം അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
സംഘപരിവാർ അജണ്ടകളെ നിയമമാക്കി അവതരിപ്പിച്ചു കൊണ്ടാണ് ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത്. മതേതര വിരുദ്ധമായ ഈ ഭേദഗതി ബിൽ സുപ്രിംകോടതി തിരുത്തുമെന്നും ചർച്ചയിൽ പങ്കെടുത്തവർ പ്രത്യാശ പ്രകടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ യാസ് പ്രസിഡന്റ് മൻസൂർ വേളം അധ്യക്ഷത വഹിച്ചു. ജി. സലീം സേട്ട് വിഷയാവതരണം നടത്തി.
എസ്.ഐ.സി ചെയർമാൻ അബ്ദുല്ലത്തീഫ് ഫൈസി, കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ, ഐ.ഒ.സി പ്രസിഡന്റ് ഡോ:നിഷ്താർ, പ്രവാസി വെൽഫയർ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ്, ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി എന്നിവർ ബില്ലിന്റെ ഭവിഷ്യത്തുക്കളെ കുറിച്ച് സംസാരിച്ചു. യാസ് ജനറൽ സെക്രട്ടറി ജസീം, മുഹമ്മദ് അസ്‌ലം, ഷാനിദ് എന്നിവർ നേതൃത്വം നൽകി. നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.
Adjust Story Font
16

