ഇലക്ട്രോണിക് ബ്ലാക്ക്‌മെയിലും ഭീഷണിയും; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
ഡിജിറ്റൽ ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം

മസ്കത്ത്: ഇലക്ട്രോണിക് ബ്ലാക്ക്‌മെയിലിംഗും ഭീഷണിയും നടത്തുന്നവരുടെ ആവശ്യങ്ങൾക്ക് വഴങ്ങരുതെന്ന് റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഭയപ്പെടാതെ ഉടനടി വിവരങ്ങൾ പോലീസിനെ അറിയിക്കണമെന്നും ആർ.ഒ.പി പറയുന്നു. ഡിജിറ്റൽ ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം.
ഇന്റർനെറ്റിലൂടെയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഉള്ള ബ്ലാക്ക്‌മെയിലിംഗ്, വ്യക്തിഗത വിവരങ്ങൾ ചോർത്തിയുള്ള ഭീഷണികൾ എന്നിവ നേരിടേണ്ടി വന്നാൽ യാതൊരു കാരണവശാലും പണം നൽകാനോ തട്ടിപ്പുകാരുടെ നിബന്ധനകൾക്ക് വഴങ്ങാനോ പാടില്ലെന്ന് ആർഒപി പറയുന്നു. സ്വകാര്യ ചിത്രങ്ങളോ വിവരങ്ങളോ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങളിൽ ഉടനടി ആർ.ഒ.പിയുടെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ബന്ധപ്പെടണം. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇരകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊണ്ട് ആവശ്യമായ നിയമസഹായവും സംരക്ഷണവും ഉറപ്പാക്കുന്നതിനും പോലീസിന് പ്രത്യേക സംവിധാനങ്ങളുണ്ട്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അപരിചിതരുമായി വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കരുതെന്നും ആർ.ഒ.പി ഓർമ്മിപ്പിച്ചു. ഓൺലൈൻ തട്ടിപ്പുകൾ ഒമാനിൽ കൂടിവരുന്നുണ്ട്. ഡിജിറ്റൽ ഇടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റോയൽ ഒമാൻ പോലീസ് വീണ്ടും നിർദ്ദേശവുമായി രംഗത്തെത്തിയത്.
Adjust Story Font
16

