ഒമാനിൽ വാടക തർക്കങ്ങൾ പരിഹരിക്കാൻ ഇലക്ട്രോണിക് സംവിധാനം
അപേക്ഷകൾ, കേസ് മാനേജ്‌മെന്റ്, ഡോക്യുമെന്റേഷൻ എന്നിവ ഓൺലൈനായി കൈകാര്യം ചെയ്യും

മസ്കത്ത്: ഒമാനിൽ വാടക തർക്കങ്ങൾ പരിഹരിക്കാൻ ഇലക്ട്രോണിക് സംവിധാനം വരുന്നു. വീട്ടുടമസ്ഥർക്കും വാടകക്കാർക്കും ഇനി ഓൺലൈനായി കേസുകൾ ഫയൽ ചെയ്യാം. വാടക കാര്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് മന്ത്രാലയം അറിയിച്ചു.
റെസിഡൻഷ്യൽ, വാണിജ്യ ഉടമകളും വാടകക്കാരും തമ്മിലുള്ള തർക്കങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്. അപേക്ഷകൾ, കേസ് മാനേജ്‌മെന്റ്, ഡോക്യുമെന്റേഷൻ എന്നിവ ഓൺലൈനായി കൈകാര്യം ചെയ്യും. തർക്കത്തിലുള്ള കക്ഷികളുടെ വിശദാംശങ്ങൾ, ഫീസ് അടച്ചതിന്റെ തെളിവ്, നിയമപരമായ പ്രതിനിധികളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നീ രേഖകൾ സഹിതം ഫയൽ ചെയ്യാം.
എല്ലാ നടപടിക്രമങ്ങളും കേസുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റലായി രേഖപ്പെടുത്തും, അംഗീകൃത വ്യക്തികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുകയും കമ്മിറ്റി ചെയർമാന്റെ അംഗീകാരത്തിന് വിധേയമാക്കുകയും ചെയ്യും. ഒപ്പുകളുടെ ആവശ്യമില്ലാതെ നടപടിക്രമങ്ങൾ ഇലക്ട്രോണിക് ആയി രേഖപ്പെടുത്തും. ഇലക്ട്രോണിക് സിസ്റ്റത്തിൽ അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനും സമർപ്പിച്ച് ഏഴ് ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കക്ഷികളെ ഹിയറിംഗ് തീയതി അറിയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം കമ്മിറ്റി സെക്രട്ടറിക്കാണ്.
Adjust Story Font
16

