Quantcast

ഒമാനിലെ നികുതി നിയമം ലംഘിച്ചു; കമ്പനി ജീവനക്കാരന് ആറ് മാസം തടവും 5,000 റിയാൽ പിഴയും

നികുതി അതോറിറ്റിക്ക് നഷ്ടപരിഹാരമായി നൽകേണ്ട 3,000 റിയാലടക്കമാണ് പിഴ

MediaOne Logo

Web Desk

  • Published:

    17 July 2025 1:22 PM IST

Employee sentenced to six months in prison and 5,000 riyals fine for violating Omani tax law
X

മസ്‌കത്ത്: ഒമാനിൽ നികുതി നിയമം ലംഘിച്ച ഒരു കമ്പനിയിലെ ജീവനക്കാരന് ആറ് മാസം തടവും 5,000 റിയാൽ പിഴയും. ആറ് മാസം തടവും 2,000 റിയാൽ പിഴയും ചുമത്തിയ കോടതി നികുതി അതോറിറ്റിക്ക് സിവിൽ നഷ്ടപരിഹാരമായി 3,000 റിയാൽ നൽകാനും ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് മൊത്തം പിഴ 5,000 റിയാൽ ആയത്.

ആദായനികുതി നിയമം (നമ്പർ 28/2009) ലംഘിച്ച് നികുതി റിട്ടേണുകൾ മനഃപൂർവ്വം സമർപ്പിക്കാതിരുന്നതിനാണ് അൽ ബുറൈമി വിലായത്തിലെ ഒരു പ്രാഥമിക കോടതി കർശന ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചത്.

പ്രതിയുടെ വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അതോറിറ്റിയുടെ നികുതി വെട്ടിപ്പ് വിരുദ്ധ വകുപ്പിന് വിവരം ലഭിച്ചതോടെയാണ് കേസെടുത്തതെന്നാണ് നികുതി അതോറിറ്റിയിലെ നിയമകാര്യ വകുപ്പ് ആക്ടിംഗ് ഡയറക്ടർ മുന ബിൻത് ഹംദാൻ ബിൻ സുലൈമാൻ അൽ കൽബാനിയ പറയുന്നത്. തുടർന്ന് ജുഡീഷ്യൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയായിരുന്നു. ഇതോടെ കമ്പനി നികുതി റിട്ടേണുകളും ഫിനാൻഷ്യൽ സ്‌റ്റേറ്റ്‌മെൻറുകളും സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഇത് ആദായ നികുതി നിയമത്തിലെ ആർട്ടിക്കിൾ 140 ലംഘിച്ചുവെന്നും കണ്ടെത്തുകയായിരുന്നു.

നിയമപ്രക്രിയ പൂർത്തിയാക്കുന്നതിനും പ്രതിയെ കോടതിയിലേക്ക് റഫർ ചെയ്യുന്നതിനുമായി കേസ് പബ്ലിക് പ്രോസിക്യൂഷന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ വിഭാഗത്തിനും കേസ് കൈമാറിയിരുന്നു. തുടർന്നാണ് ശിക്ഷ വിധിച്ചത്.

നികുതി ബാധ്യതകളെക്കുറിച്ച് അവബോധം വളർത്താൻ വിവിധ മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് രാജ്യത്തുടനീളം വർക്ക്ഷോപ്പുകളും സെമിനാറുകളും നികുതി അതോറിറ്റി നടത്തിവരികയാണ്. ആദായ നികുതി നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും അവ പാലിക്കാത്തതിനുള്ള കഠിന ശിക്ഷകളെക്കുറിച്ചും ബോധവൽക്കരിക്കുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.

എല്ലാ നികുതിദായകരോടും നികുതി നിയന്ത്രണങ്ങൾ ജാഗ്രതയോടെ പാലിക്കാനും അവരുടെ വരുമാനം കൃത്യമായി വെളിപ്പെടുത്താനും സമയപരിധിക്കുള്ളിൽ നികുതി റിട്ടേണുകൾ സമർപ്പിക്കാനും അതോറിറ്റി ഓർമിപ്പിച്ചു. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ

ഭരണപരമായ പിഴകൾക്കും 2,000 ഒമാൻ റിയാൽ വരെ പിഴയ്ക്കും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. ആറ് മാസം വരെ തടവും 20,000 റിയാൽ വരെ പിഴയും ലഭിക്കാവുന്ന നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

TAGS :

Next Story