'അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണ് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള വഴി'-സയ്യിദ് ബദർ അൽ ബുസൈദി
യുഎൻ ജനറൽ അസംബ്ലിയിലാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന

മസ്കത്ത്: അധിനിവേശം അവസാനിപ്പിക്കാനും, ഫലസ്തീൻ ജനത അനുഭവിക്കുന്ന അനീതി ഇല്ലാതാക്കാനും, ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സാക്ഷാത്കരിക്കാനും അവരെ പ്രാപ്തരാക്കാനും സമയമായിരിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരമാണ് നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ഏക വഴിയെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി 80-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഇസ്രായേലിനെ തടയിടാൻ നടപടികൾ ഉണ്ടാകണം. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക എന്നത് ഈ നിർണായക ഘട്ടത്തിൽ വളരെ പ്രധാന്യമുള്ള തീരുമാനമാണെന്നും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളെ ഒമാൻ അഭിനന്ദിക്കുന്നതായും അൽ ബുസൈദി പറഞ്ഞു.
ഖത്തറിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒമാൻ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ഉചിതമെന്ന് തോന്നുന്ന ഏത് നടപടികളും സ്വീകരിക്കാൻ ഖത്തറിന് അവകാശമുണ്ട്. ഇറാൻ, യമൻ, സിറിയ, ലെബനൻ എന്നിവയ്‌ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്കും രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റത്തിനും ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും ബദർ അൽ ബുസൈദി തുറന്നടിച്ചു.
Adjust Story Font
16

