ഉർദുഗാൻ നാളെ ഒമാനിൽ
പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ചയാകും

മസ്കത്ത്: ദ്വിദിന സന്ദർശനത്തിനായി തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ നാളെ ഒമാനിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സഹകരണവും മുന്നോട്ട് കൊണ്ടു പോകുന്നതിന് സന്ദർശനം വഴിവെക്കും. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളിൽ സുൽത്താൻ ഹൈതം ബിൻ താരിഖും ഉർദുഗാനും കൂടിയാലോചനകൾ നടത്തും. കഴിഞ്ഞ വർഷം നവംബറിൽ സുൽത്താൻ തുർക്കി സന്ദർശിക്കുകയും 500 മില്യൺ ഡോളറിന്റെ സംയുക്ത നിക്ഷേപത്തിനും നിരവധി കരാറുകൾക്കും ധാരണയായിരുന്നു. അറബ്, പ്രാദേശിക വിഷയങ്ങളിൽ തുർക്കി സ്വീകരിച്ച നിലപാടിനെ സുൽത്താൻ പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 860 മില്യൺ ഡോളറിലേക്കെത്തിയിരുന്നു. അതേസമയം, ഒമാനിലെ തുർക്കി നിക്ഷേപം 36% വർധിച്ച് 56 മില്യൺ റിയാലിലേക്ക് ഉയർന്നു. സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മസ്കത്തിൽ ഒരു തുർക്കിഷ് സ്കൂൾ നിർമിക്കാനും പദ്ധതിയുണ്ട്.
Adjust Story Font
16

