കുറഞ്ഞ ശമ്പളത്തിന് വീട്ടുജോലിക്കാരെ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

മസകത്ത്: ഓൺലൈൻ തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന് ഓർമിപ്പിച്ച് റോയൽ ഒമാൻ പൊലീസ്. ഫോണിലേക്ക് വരുന്ന വാട്‌സാപ്പ്, ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയാണ് ഒമാനിൽ പുതിയ തട്ടിപ്പ് നടക്കുന്നത്. ഗാർഹിക തൊഴിലാളികളെ ആകർഷകമായ ശമ്പളത്തിന് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങളാണ് ഇത്. ഇതിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ബാങ്ക് വിവരങ്ങൾ കൈകലാക്കുകയുമാണ് തട്ടിപ്പ് സംഘം ചെയ്യുന്നതെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. അക്കൗണ്ടിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്നും ഇത്തരം വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാവരുതെന്നും അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീം ഓർമിപ്പിച്ചു.
കൂടാതെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും വ്യക്തികളോട് അഭ്യർത്ഥിച്ചു. കൂടുതൽ തട്ടിപ്പുകൾ തടയാൻ സഹായിക്കുന്നതിന് സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Adjust Story Font
16

