ഉപഭോക്തൃ നിയമം ലംഘിച്ചു; ബർകയിലെ ഫർണിച്ചർ സ്ഥാപനത്തിന് 2,800 റിയാൽ പിഴ
കേസിന്റെ ചെലവും വഹിക്കണം

മസ്‌കത്ത്: ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഒമാനിലെ ബർക വിലായത്തിലെ പ്രാഥമിക കോടതി ഫർണിച്ചർ സ്ഥാപനത്തിനും ഉടമക്കും ശിക്ഷ. സ്ഥാപനത്തിനും ഉടമക്കും കോടതി 2,800 റിയാൽ പിഴ ചുമത്തിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) പ്രസ്താവനയിൽ പറഞ്ഞു. ഇതിന് പുറമേ ക്രിമിനൽ കേസിന്റെ ചെലവും വഹിക്കണമെന്നും വ്യക്തമാക്കി.
സോഫ, കിടക്ക, കർട്ടൻ എന്നിങ്ങനെയുള്ള വീട്ടുപകരണങ്ങൾ നിർമിക്കാൻ സ്ഥാപനവുമായി 1,500 റിയാലിന്റെ കരാറിൽ ഏർപ്പെട്ട ഉപഭോക്താവ് സമർപ്പിച്ച പരാതിയിലാണ് നടപടി. മൂന്ന് മാസത്തിനുള്ളിൽ ജോലി പൂർത്തിയാക്കണണെമെന്ന കരാർ വ്യവസ്ഥ സ്ഥാപനം പാലിച്ചില്ല. തുടർന്ന് അഡ്വാൻസായി നൽകിയ 700 റിയാൽ തിരിച്ചുചോദിക്കുകയായിരുന്നു.
കേസ് പരിഗണിച്ച കോടതി ഓരോ പ്രതികൾക്കും 1,000 റിയാൽ പിഴ ചുമത്തി. ഒരു മാസത്തിനുള്ളിൽ ക്ലെയിം ചെയ്ത തുക തീർപ്പാക്കുകയാണെങ്കിൽ പിഴ ഒഴിവാക്കാനും ഉത്തരവിട്ടു. ക്രിമിനൽ കേസ് ചെലവുകൾ പ്രതികൾ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കരാർ റദ്ദാക്കാൻ വിധിച്ച കോടതി ഉപഭോക്താവിന് 700 റിയാലിനെ പുറമേ നഷ്ടപരിഹാരമായി 100 റിയാലും നൽകണമെന്നും വിധിച്ചു.
Adjust Story Font
16

