ടൂറിസം ഭൂപടത്തിൽ തിളങ്ങി ഒമാൻ; അന്താരാഷ്ട്ര സഞ്ചാരികളിൽ വൻ വർധനവ്
ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർ 44% വർധിച്ചു

മസ്കത്ത്: ഒമാന്റെ വിനോദസഞ്ചാര മേഖല സമീപകാലത്തെ ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ. 2024 സെപ്റ്റംബർ മുതൽ 2025 ആഗസ്റ്റ് വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണത്തിൽ 7 ശതമാനം വർധനവാണുണ്ടായത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം. 2025ന്റെ ആദ്യ പകുതിയിൽ ഇറ്റലി, സ്പെയിൻ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 44 ശതമാനത്തിലധികം വർധിച്ചു. സ്വിറ്റ്സർലൻഡിൽ നിന്നും 35 ശതമാനം വർധനവുണ്ടായി. ആഢംബര വിനോദസഞ്ചാരത്തിനും സാംസ്കാരിക പൈതൃകത്തിനും പ്രാധാന്യം നൽകി ഒമാൻ നടത്തുന്ന പ്രചാരണങ്ങളാണ് യൂറോപ്യൻ സഞ്ചാരികളെ ആകർഷിക്കാൻ സഹായിച്ചത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾ മൊത്തം സഞ്ചാരികളുടെ 40 ശതമാനത്തോളം വരുന്നുണ്ട്. ബഹ്‌റൈനിൽ നിന്ന് 30 ശതമാനവും ഖത്തറിൽ നിന്ന് 8 ശതമാനവും സന്ദർശകരുടെ വർധനവും ശ്രദ്ധേയമാണ്.
ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വർധവുണ്ട്. 2025ന്റെ ആദ്യ പകുതിയിൽ സിംഗപ്പൂരിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ 34 ശതമാനം വർധനവ് രേഖപ്പെടുത്തി. കൂടാതെ 2025 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഒമാനിലേക്കുള്ള യാത്രകൾക്കായുള്ള ആഗോള ഓൺലൈൻ അന്വേഷണങ്ങളിൽ 43 ശതമാനത്തിന്റെ കുതിച്ചുചാട്ടമുണ്ടായതായും ഫോർവേഡ് കീസ് റിപ്പോർട്ട് പറയുന്നു.
Adjust Story Font
16

