Quantcast

റെസിഡൻസി പ്രശ്ന പരിഹാരം: ഒമാനിലെ പ്രവാസികൾക്കുള്ള ഇളവ് കാലാവധി നീട്ടി

അവസാന തീയതി: 2025 ഡിസംബർ 31

MediaOne Logo

Web Desk

  • Published:

    7 Nov 2025 1:38 PM IST

grace period extended for expats to settle residency issues in Oman
X

മസ്‌കത്ത്: ഒമാനിലെ പ്രവാസികൾക്ക് നിയമപരമായ പദവി ശരിയാക്കുന്നതിനുള്ള ഇളവ് കാലാവധി നീട്ടിയതായി റോയൽ ഒമാൻ പൊലീസ് (ആർഒപി) അറിയിച്ചു. ഇളവുകൾ നേടാനും പിഴ കുടിശ്ശിക തീർക്കാനുമുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്. തൊഴിൽ മന്ത്രാലയവുമായി ഏകോപിച്ചാണ് തീരുമാനം.

ബന്ധപ്പെട്ട എല്ലാ വിദേശ പൗരന്മാരും തൊഴിലുടമകളും അന്തിമ ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തണമെന്ന് ആർഒപി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

നിയമപരമായ പദവി ക്രമപ്പെടുത്താനും വിസ, താമസ ലംഘനങ്ങൾ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാനുമുള്ള സമയപരിധി 2025 ഡിസംബർ 31 വരെ തൊഴിൽ മന്ത്രാലയം നീട്ടി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ആർഒപി മുന്നറിയിപ്പ്.

അവസാന തീയതി നീട്ടിയതോടെ ഒമാനിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് രണ്ട് രീതിയിൽ പ്രയോജനം ലഭിക്കും:

  • സ്റ്റാറ്റസ് ക്രമപ്പെടുത്തലാണ് ഒരു പ്രയോജനം

ഒമാനിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ താമസ പെർമിറ്റുകൾ പുതുക്കാനോ രാജ്യത്തിനകത്ത് അവരുടെ തൊഴിൽ ട്രാൻസ്ഫർ ചെയ്യാനോ കഴിയും. തൊഴിൽ മന്ത്രാലയം പരിശോധിച്ചശേഷം ഈ വ്യക്തികളെ എൻട്രി, ജോലി സംബന്ധമായ റെസിഡൻസ് പെർമിറ്റുകളുടെ കാലഹരണപ്പെടലുമായി ബന്ധപ്പെട്ട എല്ലാ പിഴകളിൽ നിന്നും ഒഴിവാക്കും.

  • ഒമാനിൽ നിന്ന് സ്വമേധയാ പുറത്തുകടക്കാനാകുന്നതാണ് രണ്ടാമത്തെ പ്രയോജനം

ഒമാനിൽ നിന്ന് സ്ഥിരമായി മടങ്ങാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാരെ നോൺ വർക്ക് വിസ റദ്ദാക്കിയതിനെ തുടർന്നുണ്ടാകുന്ന പിഴകളിൽ നിന്ന് ഒഴിവാക്കും. എന്നാൽ ജോലി സംബന്ധമായ വിസ ഇതിൽ പെടില്ല.

സമയപരിധി നീട്ടിയത് അവസാന അവസരമാണെന്നും നിയമപരമായ പദവി പരിഹരിക്കേണ്ടവർ ഉടനടി നടപടി സ്വീകരിക്കണമെന്നും ആർഒപി അറിയിച്ചു.

TAGS :

Next Story