ഒമാൻ തീരത്തും ഹോർമുസിലും കപ്പലുകൾക്ക് നേരെ ആക്രമണം : രണ്ട് ഇന്ത്യക്കാരെ കാണാതായി
രണ്ട് സംഭവങ്ങളിലുമായി 20 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

മസ്കത്ത്: ഒമാൻ തീരത്തും ഹോർമുസ് കടലിടുക്കിലും കപ്പലുകൾക്ക് നേറ് ആക്രമണം. രണ്ട് ഇന്ത്യക്കാരെ കാണാതായി. രണ്ടു സംഭവങ്ങളിലും ആയി 20 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി. ഒമാന്റെ വടക്കൻ തീരത്തിന് സമീപം ഞായറാഴ്ച വാണിജ്യ കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്നാണ് രണ്ട് നാവികരെ കാണാതായത്.
ഒമാനിലെ സോഹാർ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന പെട്രോ ഡോൾഫിൻ എന്ന എണ്ണക്കപ്പലിനാണ് ആക്രമണമുണ്ടായത്. കപ്പലിൽ 11 ഇന്ത്യൻ നാവികരുണ്ടായിരുന്നു.കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ എക്‌സിലൂടെ അറിയിച്ചതനുസരിച്ച് ഒമ്പതു പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
കാണാതായവർക്കായി ഒമാൻ അധികൃതർ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ഹോർമുസ് കടലിടുക്കിൽ മാർഷൽ ദ്വീപുകളുടെ പതാകയിലുള്ള വാൽതെറ എന്ന എണ്ണക്കപ്പലിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. കപ്പലിൽ പ്രൊജക്ടൈൽ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി. ഈ കപ്പലിലെ 11 ഇന്ത്യൻ നാവികരുണ്ടായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച അറേബ്യൻ ഗൾഫിൽ എണ്ണക്കപ്പലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 22 ഇന്ത്യൻ ജീവനക്കാരെ യുഎഇ നാഷനൽ ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു. കപ്പലിൽ തീപിടിച്ചതായി ജീവനക്കാർ നൽകിയ അടിയന്തര സന്ദേശത്തെ തുടർന്നായിരുന്നു രക്ഷാപ്രവർത്തനം. റാസൽഖൈമ തീരത്ത് കപ്പലിൽ ഡ്രോൺ പതിച്ചുവെന്നാണ് റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയവർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Adjust Story Font
16

