സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം; മസ്‌കത്തിലെ യാച്ച് ടൂറിസത്തിൽ വൻ വളർച്ച
500 ടൂറിസ്റ്റ് യാച്ചുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്
മസ്‌കത്ത്: ഒമാന്റെ തീരങ്ങളിലെ സമ്പന്നമായ സമുദ്രജീവിതം മസ്‌കത്തിലെ യാച്ച് ടൂറിസത്തിന്റെ വലിയ വളർച്ചക്ക് കാരണമാകുന്നു. നിലവിൽ സാഹസികത ഇഷ്ടപ്പെടുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് മസ്‌കത്ത്. ഗവർണറേറ്റിലെ യാച്ച് ടൂറിസം ഗണ്യമായ വളർച്ച കൈവരിച്ചതായും ഏകദേശം രജിസ്റ്റർ ചെയ്ത 500 ടൂറിസ്റ്റ് യാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നതായും ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ മാരിടൈം അഫയേഴ്സ് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ മാജിദ് ബിൻ സെയ്ഫ് അൽ ബർഹി വ്യക്തമാക്കി.
യാച്ച് ടൂറിസം സുൽത്താനേറ്റിലെ സമുദ്ര ടൂറിസം മേഖല വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു, ഇത് അസാധാരണമായ അനുഭവങ്ങൾ തേടുന്ന സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈമാനിയത്ത് ദ്വീപുകൾ, ബന്ദർ അൽ ഖൈറാൻ പ്രദേശം തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങൾ ഉൾപ്പെടെ ഒമാന്റെ തീരങ്ങളിലെ സമ്പന്നമായ സമുദ്രജീവിതം പര്യവേക്ഷണം ചെയ്യാൻ സന്ദർശകർ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.
മസ്‌കത്ത് ഗവർണറേറ്റിലെ പുതുമയുള്ള ബീച്ചുകളും നന്നായി സജ്ജീകരിച്ച മറീനകളും യാച്ച് ടൂറിസത്തിലെ വർധനവിന് കാരണമാകുന്നു. നിലവിൽ ആറ് മറീനകൾ പ്രവർത്തിക്കുന്നുണ്ടെന്നും ക്യാപ്റ്റൻ ബർഹി പറഞ്ഞു.
ടൂറിസ്റ്റ് യാച്ചുകൾക്കായി ശുദ്ധമായ ഊർജ്ജ സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് ഈ മേഖല വികസിപ്പിക്കുന്നതും വിനോദസഞ്ചാരികളെ മികച്ച രീതിയിൽ പരിപാലിക്കുന്നതിനായി ബീച്ച് സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്. സോളാർ പാനലുകൾ പോലെയുള്ള പുനരുപയോഗ ഊർജ്ജ പരിഹാരങ്ങൾ യാച്ചുകളിൽ നടപ്പിലാക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും പഠനം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16