അനധികൃത ട്രാൻസ്പോർട്ടിങ്ങ്; ഒമാനിൽ 12,000ലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു

മസ്‌കത്ത്: ഒമാനിൽ അനധികൃത ട്രാൻസ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട് 12,000ലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ഗതാഗത മന്ത്രാലയം. ഗതാഗത നിയമം എല്ലാ കമ്പനികളും വ്യക്തികളും പാലിക്കണമെന്നും പരിശോധനാ ക്യാമ്പയിനുകൾ തുടരുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. ഒമാനിൽ ഗതാഗത മേഖലയിലെ നടപടികൾ സുഗമമാക്കുന്നതിനും നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനായി ഗതാഗത മന്ത്രാലയം 2020 ൽ ആരംഭിച്ച നഖൽ ഓൺലൈൻ പ്ലാറ്റ്ഫോമിലുടെയാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്.
അനധികൃത ട്രാൻസ്പോർട്ടിംഗുമായി ബന്ധപ്പെട്ട് 11,664 നിയമലംഘനങ്ങളും ചരക്ക് കടത്തുമായി ബന്ധപ്പെട്ട് 8,030 നിമലംഘനങ്ങളും ഇതുവരെ നഖൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തി. അതേസമയം, നഖൽ പ്ലാറ്റ്ഫോം ഏർപ്പെടുത്തിയ വാഹന രജിസ്ട്രേഷൻ, പെർമിറ്റ്, വിവിധ ലൈസൻസുകൾ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണവും വർധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. അനധികൃത ചരക്കുകടത്തിന് പിടികൂടിയ ഡ്രൈവർമാർക്ക് 200 ഒമാനി റിയാൽ വീതം പിഴ ചുമത്തിയിട്ടുണ്ട്.
ലൈസൻസ്, പെർമിറ്റ്, സ്‌കൂൾ ബസുകൾ, ടാക്സികൾ, ട്രക്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും വാഹന രജിസ്ട്രേഷൻ എന്നിവയെല്ലാം നഖ്ൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭിക്കും. വെബ്സൈറ്റിലും ആപ്പിലും ലഭ്യമായ നഖ്ൽ, റോയൽ ഒമാൻ പോലീസുമായും വാണിജ്യ മന്ത്രാലയത്തിന്റെ ഇൻവെസ്റ്റ് ഈസി ഇ സർവീസുമായും ബന്ധിപ്പിച്ചിട്ടുണ്ട്.
Adjust Story Font
16

