ഒമാനിലെ സ്വകാര്യ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ സുപ്രധാന നീക്കം
ഒമാൻ മനുഷ്യാവകാശ കമ്മീഷനും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സും ധാരണാപത്രത്തിൽ ഒപ്പുവച്ചു

മസ്‌കത്ത്: ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ സാഹചര്യം കൂടുതൽ മെച്ചപ്പെടുത്താനുമായി സുപ്രധാന നീക്കം. ഒമാൻ മനുഷ്യാവകാശ കമ്മീഷനും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തൊഴിലാളികളുടെ അവകാശലംഘനങ്ങൾ സംബന്ധിച്ച പരാതികളിൽ ഇരു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
തൊഴിലാളികൾക്ക് നീതിയുക്തവും മെച്ചപ്പെട്ടതുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നിതിന്റെ ഭാഗമായാണ് സുപ്രധാന നീക്കം. ഒമാൻ മനുഷ്യാവകാശ കമ്മീഷനും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സും തമ്മിലുള്ള ഏകോപനവും സഹകരണവും വർധിപ്പിക്കുകയാണ്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശലംഘനങ്ങൾ സംബന്ധിച്ച പരാതികളും നിരീക്ഷണങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഇരു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയായിട്ടുണ്ട്. ബോധവത്കരണം, സംയുക്ത പഠനങ്ങളും ഗവേഷണങ്ങളും, സ്ഥിതിവിവരക്കണക്കുകളുടെയും പരസ്പര കൈമാറ്റം എന്നിവ നടക്കും. നിലവിലുള്ള ദേശീയ തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ-തൊഴിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്‌കരിക്കാനുള്ള നിർദേശങ്ങൾ നൽകും. മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർമാൻ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷിയും, ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ബോർഡ് ചെയർമാൻ നബ്ഹാൻ ബിൻ അഹമ്മദ് അൽ ബത്താഷിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
Adjust Story Font
16

