ഒമാനിൽ കഴിഞ്ഞ വർഷം വിവിധ മേഖലകളിലായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത് 115,000-ത്തിലധികം നിയമലംഘന ഉൽപ്പന്നങ്ങൾ
കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതലുള്ളത്
മസ്കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം വിവിധ മേഖലകളിലായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തത് 115,000-ത്തിലധികം നിയമലംഘന ഉൽപ്പന്നങ്ങൾ. സിപിഎയുടെ കണക്കനുസരിച്ച് പിടിച്ചെടുത്ത ഇനങ്ങളിൽ കാലഹരണപ്പെട്ട ഉൽപ്പന്നങ്ങളുടെ എണ്ണം 41,000-ത്തിലധികമാണ്. ഏറ്റവും ഉയർന്ന അനുപാതം ദോഫാർ ഗവർണറേറ്റിൽ നിന്നാണ്. അതായത് 48%.
കൂടാതെ, 16,000-ത്തിലധികം നിരോധിത ഉൽപ്പന്നങ്ങളും കണ്ടുകെട്ടി. 15,000-ത്തിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, ഇതിൽ മസ്‌കറ്റ് ഗവർണറേറ്റാണ് മുന്നിൽ 43% ശതമാനം വരും. അതേസമയം, പൊതു മര്യാദ ലംഘിക്കുന്ന 10,000-ത്തിലധികം വസ്ത്രങ്ങളും ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. 52 ശതമാനവുമായി നോർത്ത് ഷാർഖിയയാണ് ഇതിൽ മുന്നിൽ. അതേസമയം പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ആകെ എണ്ണം 2023 നെ അപേക്ഷിച്ച് 18% കുറഞ്ഞിട്ടുണ്ട്. വിതരണക്കാരുടെ അവബോധവും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നതും ഈ പുരോഗതിക്ക് കാരണമായി അധികൃതർ പറയുന്നത്. ഉപഭോക്താക്കൾക്ക് സുരക്ഷിതമായ വിപണി ഉറപ്പാക്കുന്നതിന് കർശനമായ വിപണി പരിശോധനകൾക്കും നടപ്പാക്കൽ നടപടികൾക്കുമുള്ള പ്രതിബദ്ധത സിപിഎ ആവർത്തിച്ച് വ്യക്തമാക്കി. ഏതെങ്കിലും വിപണി ലംഘനങ്ങൾ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Adjust Story Font
16

