ഒമാനിൽ സ്വദേശികളുടെയും പ്രവാസികളുടെയും ശരാശരി കുടുംബ വരുമാനത്തിലും മാസച്ചെലവിലും വർധനവ്
എഐ ഉപയോഗിച്ചാണ് വരുമാന-ചെലവ് വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്

മസ്കത്ത്: ഒമാനിൽ സ്വദേശികളുടെയും പ്രവാസികളുടെയും ശരാശരി കുടുംബ വരുമാനത്തിലും മാസച്ചെലവിലും വർധനവെന്ന് എഐ അധിഷ്ഠിത സർവേ ഫലം. ഒമാനി കുടുംബങ്ങളുടെ ശരാശരി മാസവരുമാനം 18.5 ശതമാനം വർധിച്ച് 1,839 റിയാലിലെത്തി, പ്രവാസികളുടെ വരുമാനത്തിൽ 7.3 ശതമാനത്തിന്റെ വളർച്ചയുണ്ടായതായും സർവേ റിപ്പോർട്ട്.
എഐ പ്രയോജനപ്പെടുത്തി കുടുംബങ്ങളുടെ വരുമാന-ചെലവ് വിവരങ്ങൾ ശേഖരിച്ച ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക വിവരശേഖരണ പദ്ധതിയെന്ന അവകാശവാദത്തോടെയാണ് എൻ.സി.എസ്.ഐ സർവേ ഫലം പുറത്തുവിട്ടത്. 2018-ലെ സർവേ വിവരങ്ങളുമായി താരതമ്യം ചെയ്തുള്ള മാറ്റങ്ങളാണ് പുതിയ റിപ്പോർട്ടിലുള്ളത്. സ്വദേശി കുടുംബങ്ങളുടെ ശരാശരി മാസവരുമാനം 1,552.6 റിയാലിൽ നിന്ന് 1,839.3 റിയാലായി ഉയർന്നു എന്നാണ് റിപ്പോർട്ട്. അതായത് 18.5% വർധന. പ്രവാസി കുടുംബത്തിന്റെ വരുമാനം 668.6 റിയാലിൽ നിന്ന് 717.2 റിയാലായും ഉയർന്നു.
സ്വദേശി കുടുംബങ്ങളുടെ ശരാശരി മാസച്ചെലവ് 931.4 റിയാലിൽ നിന്ന് 1,058.8 റിയാലായി ഉയർന്നതായാണ് സർവേ ഫലം. പ്രവാസി കുടുംബങ്ങളുടെ ചെലവ് 362 റിയാലിൽ നിന്ന് 402 റിയാലായാണ് ഉയർന്നത്. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ചുരുങ്ങിയ ചെലവിലും സമയത്തിലും കൃത്യതയോടെ തയ്യാറാക്കാൻ എഐ സാങ്കേതികവിദ്യ സഹായിച്ചതായി എൻ.സി.എസ്.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഖലീഫ ബിൻ അബ്ദുല്ല അൽ ബർവാനി പറഞ്ഞു. ഉപഭോക്തൃ വില സൂചിക പുനർനിർണ്ണയിക്കാനും, പണപ്പെരുപ്പം കൂടുതൽ കൃത്യമായി കണക്കാക്കാനും, ഒമാന്റെ ഭാവി സാമ്പത്തിക നയരൂപീകരണങ്ങൾക്കും എഐ സർവേ വിവരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

