കേരളത്തിനായി പിരിച്ച 2018 ലെ പ്രളയ ഫണ്ട് ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് വകമാറ്റി
പണം ഇന്ത്യൻ സ്കൂൾ ബോർഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചെന്ന് ചെയർമാൻ

മസ്‌കത്ത്: 2018 ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ കെടുതികളിൽ ഒരു കൈത്താങ്ങ് എന്ന നിലയിൽ ഇന്ത്യൻ സ്കൂൾ ബോർഡ് നേതൃത്വത്തിൽ രക്ഷിതാക്കളിൽ നിന്ന് പിരിച്ചെടുത്ത വലിയ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായി ഇന്ത്യൻ സ്കൂൾ ബോർഡ്. കേരളത്തിലെ പ്രളയദുരിതകർക്ക് തുക കൈമാറിയിട്ടില്ലെന്നും ഇന്ത്യൻ സ്കൂൾ ബോർഡിലെ ഒമാനിലെ വിവിധയിടങ്ങളിലെ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിച്ചെന്നും ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സെയ്ദ് സൽമാൻ പറഞ്ഞു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ആണ് പ്രളയഫണ്ട് ശേഖരണത്തിന് മുന്നിൽ വരുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക അയച്ചുകൊടുക്കാനായിരുന്നു പദ്ധതി. സോഷ്യൽ ക്ലബ് നേതൃത്വത്തിൽ, ഇന്ത്യൻ കമ്യൂണിറ്റിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഫണ്ട് ശേഖരണത്തിൻ്റെ ഭാഗമാകാൻ സ്കൂൾ ബോർഡും തീരുമാനിക്കുകയായിരുന്നു. കാലതാമസമുണ്ടായെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങൾ പിരിച്ചെടുത്ത തുക മുഴുവൻ അയച്ചുനൽകാൻ സോഷ്യൽ ക്ലബിനു സാധിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡിന് കീഴിൽ ഏകദേശം 23000 ഒമാനി റിയാൽ ( 50 ലക്ഷത്തിലേറെ രൂപ ) പിരിച്ചെടുത്തിരുന്നു.
ഇതിനിടയിൽ അന്നത്തെ ബോർഡിന്റെ കാലാവധി കഴിയുകയും പുതിയ ഭരണസമിതി വരികയും ചെയ്തു. എന്നാൽ, വിദ്യാർഥികളിൽനിന്ന് പിരിച്ച തുക സോഷ്യൽ ക്ലബ്ബിന് കൈമാറുന്നതിൽ സ്‌കൂൾ ബോർഡിന് വീഴ്ചയുണ്ടായി. പിന്നീട് മാറി മാറി വന്ന ബോർഡുകളിൽ തീരുമാനമുണ്ടാകാതെ വരികയും തൊട്ടു മുമ്പ് നിലവിലിരുന്ന ബോർഡ് ഈ വിഷയത്തിൽ തുക കൈമാറാൻ തത്ത്വത്തിൽ തീരുമാനമെടുക്കുയും ചെയ്തു.
എന്നാൽ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് പരിഗണിച്ച് തീരുമാനം വീണ്ടും മാറ്റിവെക്കപ്പെട്ടു. തുടർന്നു വന്ന നിലവിലെ ബോർഡ് ആ തുക നാട്ടിലേക്ക് അയക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. ഫണ്ട് ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചു. പ്രളയഫണ്ട് വകമാറ്റിയ വിഷയങ്ങളിൽ രക്ഷാകർതൃ സമൂഹത്തെ വിശ്വാസത്തിലെടുക്കാതെയും വേണ്ടത്ര കൂടിയാലോചനകളില്ലാതെയും ഏകപക്ഷീയമായി നടപ്പിലാക്കുന്ന ബോർഡിൻ്റെ നിലപാടുകളോട് പ്രവാസി മലയാളികളും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്തമാണ്.
Adjust Story Font
16

