Quantcast

മസ്‌കത്ത്-കണ്ണൂർ വിമാന സർവീസ് ഇൻഡിഗോ താത്കാലികമായി നിർത്തുന്നു

സർവീസ് ആഗസ്റ്റ് 23 വരെ മാത്രം

MediaOne Logo

Web Desk

  • Published:

    19 Aug 2025 6:09 PM IST

IndiGo temporarily suspends Muscat-Kannur direct flight service
X

മസ്‌കത്ത്: മസ്‌കത്ത്-കണ്ണൂർ വിമാന സർവീസ് ഇൻഡിഗോ താത്കാലികമായി നിർത്തുന്നു. സർവീസ് ആഗസ്റ്റ് 23 വരെ മാത്രമേയുണ്ടാകുകയുള്ളൂവെന്ന് പ്രാദേശിക ഇൻഡിഗോ പ്രതിനിധി പറഞ്ഞതായി ദി അറേബ്യൻ സ്‌റ്റോറീസ് റിപ്പോർട്ട് ചെയ്തു. സീസണിൽ യാത്രക്കാർ കുറഞ്ഞതോടെയാണ് റൂട്ട് താത്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം എടുത്തതെന്നും എയർലൈനിന്റെ വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമാണിതെന്നും റിപ്പോർട്ടിൽ പറഞ്ഞു. ട്രാവൽ ഏജൻസികളെ ഈ മാറ്റത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും എയർലൈൻ പൊതു അറിയിപ്പ് നൽകിയിട്ടില്ല.

കട്ട്-ഓഫ് തീയതിക്ക് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകിയതായും അവധിക്കാലം അവസാനിച്ചതിനെത്തുടർന്ന് ഒമാനിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാകാം സർവീസ് നിർത്തുന്നതെന്നും യാത്രാ വ്യവസായ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കണ്ണൂരിലേക്കുള്ള നേരിട്ടുള്ള സർവീസിനെ ആശ്രയിക്കുന്ന ഒമാനിലെ പ്രവാസികൾക്ക് തീരുമാനം വലിയ തിരിച്ചടിയാണ്. കേരളത്തിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കണമെന്ന ഒമാനിലെ പ്രവാസികളുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ് മെയ് പകുതിയോടെ ഇൻഡിഗോ മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ സർവീസ് ആരംഭിച്ചത്. ആഴ്ചയിൽ മൂന്ന് തവണയാണ് ഈ സർവീസ് പ്രവർത്തിച്ചിരുന്നത്- ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ. മത്സരാധിഷ്ഠിത വിലനിർണയം കാരണം യാത്രക്കാർക്കിടയിൽ ഇത് ജനപ്രിയമായിരുന്നു.

Next Story