ദ്വിദിന സന്ദർശനം: ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഒമാനിൽ
ആണവ വിഷയത്തിൽ ഇറാനും അമേരിക്കക്കും ഇടയിൽ ഒമാൻ മധ്യസ്ഥത വഹിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഈ സന്ദർശനം

മസ്‌കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഒമാനിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. റോയൽ വിമാനത്താവളത്തിൽ എത്തിയ ഇറാൻ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ഊഷ്മളമായി സ്വാഗതം ചെയ്തു.
തുടർന്ന് അൽ ആലം കൊട്ടാരത്തിൽ വെച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഇറാനിയൻ പ്രസിഡന്റിനെ ഔദ്യോഗികമായി സ്വീകരിച്ചു. ഇരു നേതാക്കളും പരസ്പരം പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി ആശംസകൾ കൈമാറി. ഈ ചടങ്ങിൽ ഇരു രാജ്യങ്ങളിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളുടെയും തന്ത്രപരവും വികസനപരവുമായ മുൻഗണനകളെ നിറവേറ്റുന്ന നിരവധി വിഷയങ്ങൾ ചർച്ച ചെയ്യും. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളിലും പൊതുവായ ആശങ്കയുള്ള വിഷയങ്ങളിലും ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറുമെന്നാണ് പ്രതീക്ഷ. ആണവ വിഷയത്തിൽ ഇറാനും അമേരിക്കക്കും ഇടയിൽ ഒമാൻ മധ്യസ്ഥത വഹിക്കുന്ന സാഹചര്യത്തിലാണ് ഇറാൻ പ്രസിഡന്റിന്റെ ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.
Adjust Story Font
16

