ഒമാൻ ടൂറിസത്തിന് ഉണർവേകാൻ 'കൈറ്റ് ഫെസ്റ്റിവൽ'; ജൂലൈ 15 മുതൽ 24 വരെ
ബാർ അൽ ഹിക്മാനിൽ നിന്ന് ആരംഭിച്ച് റാസ് അൽ ഹദ്ദിൽ അവസാനിക്കുന്ന രീതിയിലാണ് ഫെസ്റ്റിവൽ ക്രമീകരിച്ചിരിക്കുന്നത്

മസ്‌കത്ത്: ഒമാന്റെ ടൂറിസം മേഖലക്ക് കരുത്തുപകരാൻ ഒമാൻ കൈറ്റ് ഫെസ്റ്റിവൽ വരുന്നു. ജുലൈ 15 മുതൽ 24 വരെയാണ് ഫെസ്റ്റിവൽ. ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനിയായ ഒംറാൻ, ഒമാൻ സെയിലുമായി സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ബാർ അൽ ഹിക്മാനിൽ നിന്ന് ആരംഭിച്ച് റാസ് അൽ ഹദ്ദിൽ അവസാനിക്കുന്ന രീതിയിലാണ് ഫെസ്റ്റിവൽ ക്രമീകരിച്ചിരിക്കുന്നത്. ഒമാന്റെ തീരങ്ങളുടെ മികച്ച ടൂറിസം അനുഭവം ഫെസ്റ്റിവൽ സമ്മാനിക്കും. ഇവന്റ് കൂടുതൽ അന്താരാഷ്ട്ര അത്ലറ്റുകളെ ആകർഷിക്കും. ഒമാന്റെ പ്രകൃതി സൗന്ദര്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമുള്ള ഒമ്രാൻ ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റിവൽ ഒരുക്കുന്നതെന്ന് അസിസ്റ്റന്റ് മാനേജർ സുൽത്താൻ സുലൈമാൻ അൽ ഖുദൂരി പറഞ്ഞു.
കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഡൗൺവൈൻഡറിന് ലഭിച്ച മികച്ച സ്വീകാര്യത ഫെസ്റ്റിവലിനെ വിപുലീകരിക്കുന്നതിന് പ്രേരകമായിട്ടുണ്ട്. ഒമാനിലെ സമുദ്ര കായിക വിനോദ വികസനത്തിൽ കൈറ്റ് ഫെസ്റ്റിവൽ ഒരു പ്രധാന നായികക്കല്ലാകുമെന്നാണ് കരുതുന്നത്. അനുകൂലമായ കാറ്റും കാലാവസ്ഥയും ഇതിന് സഹായിക്കുന്നതാണ്. നാല് ഘട്ടങ്ങളിലായി നടക്കുന്ന മൾട്ടി സ്റ്റേജ് ഡൗൺവൈൻഡർ റേസ് ഉൾപ്പെടെ നിരവധി മത്സരങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
Adjust Story Font
16

