ഖരീഫ്: ദോഫാർ ഗവർണറേറ്റിലെ റോഡ് വികസനം ഊർജിതമാക്കി ഗതാഗത മന്ത്രാലയം

സലാല: ദോഫാർ ഗവർണറേറ്റിലുടനീളമുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ഊർജിതമാക്കി ഗതാഗത മന്ത്രാലയം. ഇപ്പോൾ നടക്കുന്ന ഖരീഫ് ടൂറിസം സീസണിൽ ഗതാഗത കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമം കൂടിയാണിത്. റോഡ് ഇരട്ടിപ്പിക്കൽ, കല്ലിടൽ, അറ്റകുറ്റപ്പണി പദ്ധതികൾ, ഗവർണറേറ്റിലുടനീളമുള്ള വിവിധ വിലായത്തുകളെ ബന്ധിപ്പിക്കൽ എന്നിവയും പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്നു.
സലാലയിലെ ഇതീൻ ടണൽ പദ്ധതി അവസാന ഘട്ടത്തിലാണ്. തുരങ്ക പാത പൂർത്തിയാകുമ്പോൾ, വിനോദസഞ്ചാരികളുടെ തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അൽ സാദ പ്രദേശത്തെ സുൽത്താൻ തൈമൂർ സ്ട്രീറ്റിന്റെ ഇരട്ട-പ്പാതയുടെ നിർമ്മാണം 40ശതമാനം പൂർത്തിയായി. അൽ ഫാറൂഖ് സ്ട്രീറ്റ് ഇരട്ട-പ്പാതയുടെ 45 ശതമാനവും സലാലയിൽ മുഗ്സൈൽ റോഡ് ആൻഡ് ബ്രിഡ്ജ് പദ്ധതി 20 ശതമാനവും പൂർത്തിയായി. ഹർവീബ്-അൽ മസ്യുന-മൈതിൻ റോഡ് പദ്ധതി 65 ശതമാനം പൂർത്തിയായിട്ടുണ്ട്.
നജ്ദ് കാർഷിക മേഖല വികസന ഓഫിസുമായി സഹകരിച്ച് തുംറൈത്തിലെ സീഹ് അൽ ഖീരത്ത്-ഷിസർ റോഡിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഈ സുപ്രധാന പാത പ്രധാന കാർഷിക മേഖലകളിലൂടെ കടന്നുപോകുന്നു. സുൽത്താൻ സഈദ് ബിൻ തൈമൂർ ഡ്യുവൽ-കാരിയേജ്വേ റോഡിന്റെ അടുത്ത ഘട്ടനിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പുതിയ അർഖുത്-സർഫൈത്ത് പർവത റോഡ് ഉദ്ഘാടനം ചെയ്തിരുന്നു.
Adjust Story Font
16

