ഖരീഫ് ദോഫാർ: താൽക്കാലിക തൊഴിലാളി കൈമാറ്റ സേവനവുമായി തൊഴിൽ മന്ത്രാലയം
ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വഴിയാണ് ഈ പുതിയ സംരംഭം അവതരിപ്പിച്ചത്

മസ്‌കത്ത്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റത്തിനുള്ള പുതിയ സേവനം ആരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഖരീഫ് സീസണിൽ തൊഴിൽ കമ്പോളം നിയന്ത്രിക്കുന്നതിനും ഒമാനി സംരംഭകരെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ വഴിയാണ് ഈ പുതിയ സംരംഭം അവതരിപ്പിച്ചത്.
ഈ പുതിയ സേവനം, ടൂറിസം സീസണിൽ തൊഴിലുടമകൾക്ക് തൊഴിലാളികളെ താൽക്കാലികമായി കൈമാറാൻ അനുവദിക്കുന്നു. ഖരീഫ് കാലയളവിൽ വർധിച്ചുവരുന്ന തൊഴിലാളി ആവശ്യകത നിറവേറ്റുന്നതിനും, അതേസമയം തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും ന്യായമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു. തൊഴിലാളി കൈമാറ്റ പ്രക്രിയക്ക് ഡയറക്ടറേറ്റ് നൽകുന്ന അംഗീകൃത അപേക്ഷാ ഫോമിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ബാധകമായിരിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
Adjust Story Font
16

