മുസന്ദത്തിൽ സീസണാണ്; ആറുമാസം നീണ്ടുനിൽക്കുന്ന ടൂറിസ്റ്റ് സീസണിനൊരുങ്ങി ഗവർണറേറ്റ്
മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫീൽഡ് പരിശോധന

മസ്കത്ത്: നവംബർ മുതൽ ആറുമാസം നീണ്ടു നിൽക്കുന്ന ടൂറിസം സീസണിനൊരുങ്ങി മുസന്ദം ഗവർണറേറ്റ്. സീസണിനായുള്ള പദ്ധതികൾ ആരംഭിച്ചതായി ഒമാൻ പൈതൃകടൂറിസം മന്ത്രാലയം അറിയിച്ചു. ഒമാന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവർണറേറ്റിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള നിരവധി സംരംഭങ്ങളും പദ്ധതിയിലുണ്ട്.
അംഗീകൃത മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹോട്ടലുകൾ, ടൂറിസം സ്ഥാപനങ്ങൾ, ഓപ്പറേറ്റർമാർ എന്നിവ കേന്ദ്രീകരിച്ച് ഫീൽഡ് പരിശോധനകൾ വർധിപ്പിച്ചതായി ഗവർണറേറ്റിലെ പൈതൃകടൂറിസം വകുപ്പിന്റെ അസിസ്റ്റന്റ് ഡയറക്ടർ നൗഫൽ ബിൻ മുഹമ്മദ് അൽ കുംസരി പറഞ്ഞു. എല്ലാ സന്ദർശകർക്കും ഉയർന്ന സേവന നിലവാരം നിലനിർത്താൻ ഈ നടപടികൾ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സീസണിൽ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും മുസന്ദത്തിന്റെ പ്രകൃതി, സാംസ്കാരിക പൈതൃകം എന്നിവ പ്രദർശിപ്പിക്കുന്നതിനും മുസന്ദം ഗവർണറുടെ ഓഫീസ് സംഘടിപ്പിക്കുന്ന 'വിന്റർ ഇൻ മുസന്ദം' പരിപാടിയെ പിന്തുണക്കുന്നതായും മന്ത്രാലയം അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിരവധി ടൂറിസം പദ്ധതികൾ പുരോഗമിക്കുന്നുണ്ടെന്ന് കുംസാരി ചൂണ്ടിക്കാട്ടി. പ്രാദേശിക പൈതൃകത്തെയും പ്രകൃതി സ്ഥലങ്ങളെയും കുറിച്ചുള്ള സേവനങ്ങളും വിവരങ്ങളും നൽകുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ദിബ്ബയിലെ വിസിറ്റർ സെന്റർ, മുസന്ദത്തിന്റെ സന്ദർശക കേന്ദ്രങ്ങളിൽ പ്രധാന ആകർഷക കേന്ദ്രമാകാൻ ലക്ഷ്യമിടുന്ന ഖോർ അൽ ഹബ്‌ലൈനിലെ റാസ് അമൗദ് ടൂറിസം റിസോർട്ട് പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സന്ദർശകരെ സ്വീകരിക്കുന്നതിന് ബുഖയിൽ പുതിയ ഹോട്ടൽ പദ്ധതി പുരോഗമിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. മറ്റൊരു പ്രധാന പദ്ധതിയായ ലുഅ്ലുഅത്തു ഖസബ് (ഖസബിന്റെ മുത്ത്) സംയോജിത ടൂറിസം സമുച്ചയം ഖസബ് ഡെവലപ്‌മെന്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായി (സന്ദൻ) സഹകരിച്ച് വികസിച്ചുകൊണ്ടിരിക്കുകയാണ്. മുസന്ദത്തിന്റെ ടൂറിസം പോർട്ട്‌ഫോളിയോയിൽ ഈ പദ്ധതി ഒരു പ്രധാന നാഴികക്കല്ലാവുമെന്നാണ് ഗവർണറേറ്റ് പ്രതീക്ഷിക്കുന്നത്.
നിക്ഷേപ അവസരങ്ങൾ പ്രഖ്യാപിച്ച് കൂടുതൽ സന്ദർശകരെ ആകർഷിപ്പിക്കുന്നതിനും ചരിത്ര സ്ഥലങ്ങൾ സംരക്ഷിക്കുന്നതിനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഖസബിലെയും ബുഖയിലെയും കോട്ടകളിൽ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കുമെന്നും കുംസരി പറഞ്ഞു. 2024-ൽ, 58,267 യാത്രക്കാരുമായി മുസന്ദത്തിലെത്തിയത് 45 ക്രൂയിസ് കപ്പലുകളാണ്. അതിൽ 17,413 സന്ദർശകർ കോട്ടകളും കൊട്ടാരങ്ങളും സന്ദർശിച്ചു. വരും വർഷങ്ങളിൽ കൂടൂതൽ സഞ്ചാരികളെ ഗവർണറേറ്റിലെത്തിക്കാനാണ് പുതിയ പദ്ധതികൾ.
Adjust Story Font
16

