ദേശാടന പക്ഷികളുടെ പ്രധാന താവളമായി മുസന്ദം; ഈ വർഷം രണ്ടായിരത്തിലധികം പക്ഷികളെ കണ്ടെത്തി
കിഴക്കൻ ആഫ്രിക്കയിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള പക്ഷിക്കൂട്ടങ്ങളാണ് സുൽത്താനേറ്റിനെ ഇടത്താവളമാക്കുന്നത്

മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ 2,000ത്തിലധികം ദേശാടന പക്ഷികളെ കണ്ടെത്തി. പരിസ്ഥിതി അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച്, ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി 2,183 പക്ഷികളെയാണ് വിദഗ്ധർ രേഖപ്പെടുത്തിയത്. ആഗോള പക്ഷി ദേശാടന പാതകളിലെ ഒരു പ്രധാന ഇടത്താവളമായി മുസന്ദം മാറുന്നതായാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. തീരദേശ അരുവികൾ, കാർഷിക സമതലങ്ങൾ, പർവതങ്ങൾ എന്നിവയാൽ സമ്പന്നമായ മുസന്ദമിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും അനുകൂല കാലാവസ്ഥയും പക്ഷികൾക്ക് ഭക്ഷണം തേടാനും വിശ്രമിക്കാനുമുള്ള പ്രധാന ഇടം ഒരുക്കുന്നു.
യൂറോപ്യൻ ലാപ്വിംഗ്, യൂറോപ്യൻ ബീ-ഈറ്റർ, ഹുഡഡ് കുക്കൂ ഷ്രൈക്ക്, റെഡ്-ടെയിൽഡ് ഷ്രൈക്ക് എന്നിവ നിരീക്ഷിക്കപ്പെട്ട പക്ഷികളിൽ ഉൾപ്പെടുന്നു. മുസന്ദം പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, അവിടുത്തെ ഭൂപ്രകൃതി വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
ലോകത്തിലെ പ്രധാന പക്ഷി ദേശാടന ഇടനാഴികളിലൊന്നിലാണ് ഒമാൻ സ്ഥിതി ചെയ്യുന്നത്. കിഴക്കൻ ആഫ്രിക്കയിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള പക്ഷിക്കൂട്ടങ്ങളാണ് സുൽത്താനേറ്റിനെ ഇടത്താവളമാക്കുന്നത്. നിലവിൽ 70 ഇടത്താവളങ്ങൾ ഒമാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

