ഖരീഫ് കഴിഞ്ഞു; ഒമാനിൽ ഇനി സഞ്ചാരികളെ കാത്ത് മുസന്ദം വിന്റർ സീസൺ
ഒമാന്റെ വടക്കേ അറ്റത്തുള്ള ഉപദ്വീപിന്റെ തനതായ സൗന്ദര്യവും സംസ്‌കാരവും അനുഭവിക്കാനാവുന്നു എന്നതാണ് ഈ സീസണിന്റെ പ്രധാന ആകർഷണം

മസ്‌കത്ത്: ഒമാനിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി മുസന്ദം വിന്റർ സീസൺ നവംബറിൽ ആരംഭിക്കും. അടുത്ത വർഷം ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ഈ ആറുമാസക്കാലയളവിൽ 60ലധികം പരിപാടികൾ നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഒമാന്റെ വടക്കേ അറ്റത്തുള്ള ഉപദ്വീപിന്റെ തനതായ സൗന്ദര്യവും സംസ്‌കാരവും അനുഭവിക്കാനാവുന്നു എന്നതാണ് ഈ സീസണിന്റെ പ്രധാന ആകർഷണം.
ടൂറിസം മന്ത്രി സാലിം മുഹമ്മദ് അൽ മഹ്‌റൂഖിയുടെ രക്ഷാകർതൃത്വത്തിൽ മസ്‌കത്തിൽ നടന്ന പ്രമോഷണൽ ചടങ്ങിൽ സീസണിന്റെ ഔദ്യോഗിക ലോഞ്ച് നടന്നു. 'പങ്കാളിത്തം' എന്ന മുദ്രാവാക്യത്തിൽ നടന്ന ചടങ്ങ്, പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം അടിവരയിടുന്നതായിരുന്നു. ഗവർണറേറ്റിലെ നാല് വിലായത്തുകൾ, ലിമയിലെ നിയാബത്ത്, കുംസാർ ഗ്രാമം എന്നിവിടങ്ങളിലായി വൈവിധ്യമാർന്ന പരിപാടികൾ ഇത്തവണത്തെ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക, ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ മുസന്ദത്തിന്റെ സ്ഥാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിന്റെ വിജയത്തിന് സംഭാവന നൽകിയ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. സീസൺ ആരംഭിക്കുന്നതോടെ ക്രൂയിസ് കപ്പലുകൾ വഴിയുള്ള സന്ദർശക പ്രവാഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Adjust Story Font
16

