ലോകത്തിലെ മികച്ച അഞ്ച് വിമാനത്താവളങ്ങളിൽ ഇടം പിടിച്ച് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം
എയർഹെൽപ്പ് പുറത്തുവിട്ട 2025-ലെ റിപ്പോർട്ടിലാണ് നേട്ടം

മസ്‌കത്ത്: ആഗോള വിമാനത്താവളങ്ങളുടെ റാങ്കിംഗിൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം ശ്രദ്ധേയമായ മുന്നേറ്റം നടത്തി. എയർഹെൽപ്പ് പുറത്തുവിട്ട 2025-ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിൽ അഞ്ചാം സ്ഥാനമാണ് മസ്‌കത്ത് എയർപോർട്ട് കരസ്ഥമാക്കിയത്. കൃത്യസമയത്തുള്ള പ്രവർത്തനങ്ങൾ, ഉപഭോക്താക്കളുടെ സംതൃപ്തി, ഭക്ഷണം, ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിൽ. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ ഏഴാം സ്ഥാനത്തായിരുന്ന മസ്‌കത്ത് എയർപോർട്ട് ഇത്തവണ മികച്ച മുന്നേറ്റമാണ് നടത്തിയത്.
വിമാനയാത്രക്കാർക്ക് ഫ്‌ലൈറ്റ് റദ്ദാക്കപ്പെടുകയോ, വൈകുകയോ, ഓവർബുക്ക് ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ വിമാനക്കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം നേടാൻ സഹായിക്കുന്ന എയർഹെൽപ്പ്, 250 വിമാനത്താവളങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയത്. യാത്രക്കാരുടെ അനുഭവങ്ങൾ, സമയനിഷ്ഠ, ഭക്ഷണപാനീയ സൗകര്യങ്ങൾ, ഷോപ്പിംഗ് സൗകര്യങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് കമ്പനി ഈ പട്ടിക തയ്യാറാക്കുക.
ഈ വർഷം സൗത്ത് ആഫ്രിക്കയിലെ കേപ് ടൗൺ എയർപോർട്ടാണ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റിയാദിലെ കിംഗ് ഖാലിദ് എയർപോർട്ടും ബ്രസീലിലെ ബ്രസീലിയ അന്താരാഷ്ട്ര വിമാനത്താവളവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.
ലോകത്തിലെ മികച്ച അഞ്ച് വിമാനത്താവളങ്ങളിൽ മൂന്നെണ്ണവും ജിസിസി മേഖലയിൽ നിന്നുള്ളവയാണെന്നത് ശ്രദ്ധേയമാണ്. കൃത്യനിഷ്ഠ, ഉപഭോക്തൃ അനുഭവം, ആഡംബര സൗകര്യങ്ങൾ എന്നിവയിൽ ജിസിസി വിമാനത്താവളങ്ങൾ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു എന്നതിന്റെ തെളിവായി ഇതിനെ വിലയിരുത്തുന്നു.
Adjust Story Font
16

