പൊതുസ്ഥലങ്ങളിൽ പക്ഷികൾക്ക് തീറ്റ നൽകരുത്; കർശന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതിനൊപ്പം താമസക്കാർക്കും കാൽനടയാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

മസ്‌കത്ത്: നഗരത്തിലെ പൊതുസ്ഥലങ്ങളിലും പാർക്കുകളിലും പക്ഷികൾക്ക് ആഹാരം നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇത്തരം രീതികൾ പരിസര മലിനീകരണത്തിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുനിസിപ്പാലിറ്റിയുടെ നടപടി. പൊതുസ്ഥലങ്ങളിൽ പക്ഷികൾക്കായി ഇടുന്ന ഭക്ഷണാവശിഷ്ടങ്ങൾ അഴുകി ദുർഗന്ധം വമിക്കുന്നതിനും, ഇത് എലി, ഈച്ച തുടങ്ങിയ പ്രാണികൾ പെരുകി രോഗങ്ങൾ പടരാൻ ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതിനൊപ്പം താമസക്കാർക്കും കാൽനടയാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പരിസ്ഥിതി ശുചിത്വം നിലനിർത്താനും രോഗവ്യാപനം തടയാനും പൊതുജനങ്ങൾ ഈ ശീലം ഒഴിവാക്കി സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
Next Story
Adjust Story Font
16

