Quantcast

മസ്‌കത്ത് നൈറ്റ്സ് 2026: ഇതുവരെ എത്തിയത് ആറ് ലക്ഷത്തിലധികം പേർ

ഡിജിറ്റൽ ഇടപെടലിൽ 180% വർധന

MediaOne Logo

Web Desk

  • Published:

    13 Jan 2026 5:17 PM IST

Muscat Nights 2026 has attracted over 600,000 visitors so far
X

മസ്‌കത്ത് ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന മസ്‌കത്ത് നൈറ്റ്സ് 2026 ലെ പരിപാടികൾക്ക് ഇതുവരെ എത്തിയത് ആറ് ലക്ഷത്തിലധികം സന്ദർശകർ. പാർക്കുകൾ, പൊതു ഉദ്യാനങ്ങൾ, ഷോപ്പിങ് സെന്ററുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം വൻ ജനപങ്കാളിത്തമാണുള്ളത്. സാംസ്‌കാരിക, കലാ, കായിക, വിനോദ പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയാണ് എട്ട് പ്രധാന വേദികളിലായി നടക്കുന്നത്.

റേഡിയോ, ടെലിവിഷൻ, പ്രാദേശിക പത്രങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്നിവയുമായി സഹകരിച്ച് മസ്‌കത്ത് നൈറ്റ്സ് 2026-ലെ പരിപാടികൾക്ക് വിപുല മാധ്യമ കവറേജ് ഉറപ്പാക്കിയിട്ടുണ്ടെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഡിജിറ്റൽ മീഡിയയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ പരിപാടികൾ വ്യത്യസ്ത പ്രായത്തിലുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നുണ്ട്.

ഇവന്റുകളുടെ സമൂഹ മാധ്യമ കവറേജ് 3.1 കോടിയിലധികം വ്യൂസ് രേഖപ്പെടുത്തിയതായി മുനിസിപ്പാലിറ്റിയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എക്‌സിൽ 3.63 ലക്ഷം ഇംപ്രഷനുകളും യുട്യൂബിൽ 73.7 ലക്ഷത്തിലധികം വ്യൂസും ലഭിച്ചു. ഇൻസ്റ്റാഗ്രാമിൽ 15,000-ത്തിലധികം വ്യൂസും സ്‌നാപ്ചാറ്റിൽ 5,381 വ്യൂസും കിട്ടി. 180 ശതമാനത്തിലധികം വളർച്ചാ നിരക്കുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിജിറ്റൽ ഇടപെടലിലെ വർധനവ് ഒമാനികളെയും പ്രവാസികളെയും മസ്‌കത്ത് നൈറ്റ്‌സ് വേദികളിലേക്ക് ആകർഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

ജനുവരി 31 വരെയാണ് ഫെസ്റ്റിവൽ. ഖുറം നാച്ച്വറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത്, സീബ് ബീച്ച്, ഖുറിയാത്ത്, വാദി അൽ ഖൂദ്, പ്രധാന ഷോപ്പിങ് സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മസ്‌കത്ത് നൈറ്റ്‌സ് നടക്കുന്നത്.

TAGS :

Next Story