മസ്കത്ത് നൈറ്റ്സിന് ഇന്ന് തുടക്കം; തലസ്ഥാന നഗരിയിൽ ഇനി ആഘോഷ രാവുകൾ
പരിപാടിയുടെ ഔദ്യോഗിക ഇന്ത്യൻ മീഡിയ പാർട്ണറായി മീഡിയവണും

മസ്കത്ത്: ഒമാന്റെ തലസ്ഥാന നഗരിക്ക് ആഘോഷ രാവുകൾ സമ്മാനിക്കുന്ന മസ്കത്ത് നൈറ്റ്സിന് ഇന്ന് തുടക്കം. വിവിധ വേദികളിലായി നിരവധി പരിപാടികളുമായി ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിനായി നഗരം ഒരുങ്ങി. സംസ്കാരം, പൈതൃകം, ലോകമെമ്പാടുമുള്ള പാചകരീതികൾ, വിനോദം, ഉല്ലാസം എന്നിവയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷത്തിനാണ് ഇന്ന് തിരശ്ശീല ഉയരുന്നത്. പ്രവാസികളെയും താമസക്കാരെയും ടൂറിസ്റ്റുകളെയും ഒരു പോലെ ആകർഷിക്കുന്ന പരിപാടികൾ ജനുവരി 31 വരെ തുടരും. മസ്കത്ത് നൈറ്റ്സിന്റെ ഔദ്യോഗിക ഇന്ത്യൻ മീഡിയ പാർട്ണറായി മീഡിയവണും പരിപാടിയുടെ ഭാഗമാകും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന വേദികളിലാണ് പരിപാടികൾ. ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത്, അൽ സീബ് ബീച്ച്, ഖുറായത്ത്, വാദി അൽ ഖൂദ് എന്നിവയാണ് പ്രധാന വേദികൾ. കൂടാതെ, മസ്‌കത്ത് നൈറ്റ്‌സിന്റെ സംഘാടകരായ മസ്‌കത്ത് മുനിസിപ്പാലിറ്റിയുമായി നിരവധി ഷോപ്പിങ് മാളുകൾ ആഘോഷങ്ങളുടെ ഭാഗമാകാൻ കൈകോർക്കുന്നുണ്ട്. കഴിഞ്ഞ പതിപ്പിൽ മസ്‌കത്ത് നൈറ്റ്‌സിന് ഒരു ദശലക്ഷത്തിലധികം സന്ദർശകരെത്തിയിരുന്നു. ഈ വർഷം 2 ദശലക്ഷത്തിലധികം സന്ദർശകരെ വേദികളിലേക്ക് എത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സംഘാടകർ.
Adjust Story Font
16

