മസ്കത്ത് നൈറ്റ്സ് പരിപാടികളുടെ അന്തിമ രൂപമായി
വിനോദം, കല, സംസ്കാരം, കായികം, തുടങ്ങി സമഗ്ര നഗരോത്സവമായാണ് ഈ വർഷത്തെ മസ്കത്ത് നൈറ്റ്സ് ഒരുക്കിയിരിക്കുന്നത്
മസ്കത്ത്: മസ്കത്ത് നൈറ്റ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ജനുവരി 1 മുതൽ 31 വരെ നീളുന്ന മസ്കത്ത് നൈറ്റ്സ് ഒമാന്റെ തലസ്ഥാനത്തെ മുഴുവൻ ഉത്സവ ലഹരിയിലേക്ക് നയിക്കും. വിനോദം, കല, സംസ്കാരം, കായികം, തുടങ്ങി സമഗ്ര നഗരോത്സവമായാണ് ഈ വർഷത്തെ മസ്കത്ത് നൈറ്റ്സ് ഒരുക്കിയിരിക്കുന്നത്.
ഖുറം നാച്ചുറൽ പാർക്ക്, അമിറാത്ത് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, തുടങ്ങി വിവിധയിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് പരിപാടികൾ. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദി അന്താരാഷ്ട്ര കലാകാരന്മാരുടെ അക്രോബാറ്റിക് പ്രകടനങ്ങൾ, ഹോളോഗ്രാം സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ ദൃശ്യങ്ങൾ കൊണ്ട് ശ്രദ്ധേയമാകും. കുട്ടികൾക്കായി ശാസ്ത്രം, ബഹിരാകാശം, കല എന്നിവ പരിചയപ്പെടുത്തുന്ന ഇന്ററാക്ടീവ് സോണുകളും ഒരുക്കിയിട്ടുണ്ട്.
ഖുറം പാർക്കിലെ ഡ്രോൺ ഷോകൾ മസ്കത്തിന്റെ സാംസ്കാരിക പ്രതീകങ്ങൾ ആകാശത്ത് വരയ്ക്കും. അതോടൊപ്പം 'മാഷ ആൻഡ് ദ ബെയർ' പരിപാടികൾ കുട്ടികൾക്ക് സാങ്കൽപ്പിക ലോകത്തിലേക്കുള്ള ഒരു യാത്രയായി മാറും. മസ്കത്ത് നൈറ്റ്സിന്റെ കായിക ഹൈലൈറ്റായി അറൈമി ബോളിവാർഡിൽ അന്താരാഷ്ട്ര ബാസ്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് നടക്കും. വാദി അൽ ഖൂദ്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദികളിൽ "ഡ്രിഫ്റ്റിംഗ് കാർ ഷോകൾ", സിപ്പ് ലൈൻ പോലുള്ള അഡ്വഞ്ചർ ആക്ടിവിറ്റികൾ കൊണ്ട് നിറയും. സീബ് ബീച്ചിൽ ബീച്ച് ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകളും നടക്കും. അൽ അമിറാത്ത് പാർക്കും ഖുറം പാർക്കും ഹെറിറ്റേജ് വില്ലേജ് ഒരുക്കും. കൈത്തറി, നാടൻ കലകൾ, ഒമാനി ഭക്ഷണം എന്നിവ ലൈവായി അവതരിപ്പിക്കും. അൽ ഖുവൈർ സ്ക്വയർ ഒമാൻ ഡിസൈൻ വീക്കിനും വേദിയാകും. റോയൽ ഓപ്പറ ഹൗസ് മസ്കത്തിൽ നടക്കുന്ന ഫാഷൻ വീക്കിൽ അന്താരാഷ്ട്ര ഡിസൈനർമാർ പങ്കെടുക്കും.
Adjust Story Font
16

