മസ്‌കത്ത് നൈറ്റ്സിൽ പ്രതീക്ഷിക്കുന്നത് 20 ലക്ഷം സന്ദർശകരെ
ജനുവരി 31 വരെയാണ് ഫെസ്റ്റിവൽ

മസ്‌കത്ത്: കഴിഞ്ഞ ദിവസം തുടങ്ങിയ മസ്‌കത്ത് നൈറ്റ്സിന്റെ പ്രധാന വേദികളിലേക്ക് 20 ലക്ഷം സന്ദർശകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകരായ മസ്‌കത്ത് മുനിസിപ്പാലിറ്റി. വിദേശത്തു നിന്നുള്ള അന്വേഷണങ്ങളും ബുക്കിങ്ങുകളും ഗണ്യമായി വർധിച്ചതായും ഇത് ഒമാനിലേക്കുള്ള ടൂറിസത്തിൽ വർധനവിന് കാരണമാകുമെന്നും സംഘാടക സമിതി അംഗം പറഞ്ഞു. കഴിഞ്ഞ മസ്‌കത്ത് നൈറ്റ്സിന് പത്ത് ലക്ഷത്തിലധികം സന്ദർശകരെത്തിയെന്നും ചൂണ്ടിക്കാട്ടി.
സംസ്‌കാരം, പൈതൃകം, ഇൻഫോടെയ്ൻമെന്റ്, വിനോദം, ഉല്ലാസം, പാചകം എന്നിവങ്ങനെയുള്ള മേഖലകളിലായി മാസം നീണ്ടുനിൽക്കുന്നതാണ് മസ്‌കത്ത് നൈറ്റ്‌സ്.
അൽ ഖുറം നാച്ച്വറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത്, അൽ സീബ് ബീച്ച് (സൂർ അൽ ഹദീദ്), ഖുറയ്യാത്ത്, വാദി അൽ ഖൂദ് എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ഇവിടെ സജ്ജീകരിച്ച പവലിയനുകളിലേക്കും കിയോസ്‌ക്കുകളിലേക്കും വ്യാഴാഴ്ച വൈകുന്നേരം മുതൽ സന്ദർശകർക്ക് പ്രവേശനം നൽകി തുടങ്ങിയിട്ടുണ്ട്.
മസ്‌കത്ത് മുനിസിപ്പാലിറ്റിയുമായി കൈകോർത്ത നിരവധി ഷോപ്പിങ് മാളുകൾ ഈ മാസം മുഴുവൻ പ്രത്യേക പ്രമോഷനുകളും വിനോദങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി പറഞ്ഞു. മസ്‌കത്ത് നൈറ്റ്സ് വേദികൾ കുടുംബങ്ങൾ, പൗരന്മാർ, പ്രവാസികൾ, സ്ത്രീകൾ, കുട്ടികൾ, വിനോദസഞ്ചാരികൾ, മറ്റ് സന്ദർശകർ എന്നിവർക്കെല്ലാം ഒത്തുചേരാനുള്ള സ്ഥലങ്ങളാണെന്നും സംഘാടകർ പറഞ്ഞു.
Adjust Story Font
16

