മസ്‌കത്ത് നൈറ്റ്‌സിന് ഇപ്രാവശ്യം എട്ട് വേദികൾ
ജനുവരി ഒന്ന് മുതൽ 31 വരെയാണ് മസ്‌കത്ത് നൈറ്റ്‌സ്

മസ്‌കത്ത്:മസ്‌കത്തിന് ആഘോഷ രാവുകൾ സമ്മാനിക്കുന്ന മസ്‌കത്ത് നൈറ്റ്‌സിന് ഇപ്രാവശ്യം ഒരുങ്ങുന്നത് എട്ട് വേദികൾ. വൈവിധ്യമാർന്ന പരിപാടികളാണ് ഓരോ വേദികളിലും നടക്കുക. ജനുവരി ഒന്ന് മുതൽ 31 വരെയാണ് മസ്‌കത്ത് നൈറ്റ്‌സ്.
എട്ട് വേദികളിലായി വിപുല സാംസ്‌കാരിക, വിനോദ പരിപാടികളാണ് ഒരുങ്ങുന്നത്. ഖുറം നാച്ച്വറൽ പാർക്ക്, നസീം ഗാർഡൻ, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ടുകൾ, സീബ് ബീച്ച്, വാദി അൽ ഖൂദ്, ഖുറിയാത്ത്, ആമിറാത്ത് പാർക്ക്, ബൗഷർ സാൻഡ്സ് എന്നിവിടങ്ങളിലാണ് ഫെസ്റ്റിവൽ ഒരുങ്ങുന്നത്.
ഖുറം നാച്ച്വറൽ പാർക്കിൽ പ്രവാസികൾക്കായുള്ള മേഖല, കലാ പ്രകടനങ്ങൾ, കാർണിവലുകൾ, ഡ്രോൺ പ്രദർശനങ്ങൾ തുടങ്ങിയവ നടക്കും. നസീം ഗാർഡനിൽ സ്റ്റേജ് ഷോകൾ, റൈഡുകൾ, ഒമാനി മധുരപലഹാര കോർണർ, സംഗീത സായാഹ്നങ്ങൾ എന്നിവയുണ്ടാകും.
ആമിറാത്ത് പാർക്കിൽ പൈതൃക ഗ്രാമം, കുട്ടികളുടെ ഏരിയ, ഉപഭോക്തൃ പ്രദർശനം സാംസ്‌കാരിക സായാഹ്നങ്ങൾ എന്നിവ ഒരുങ്ങും. സീബിലെ സുർ അൽ ഹദീദിൽ കേന്ദ്രീകരിച്ചായിരിക്കും ബീച്ച് ആക്ടിവിറ്റികൾ നടക്കുക. ബീച്ച് ഫുട്‌ബോൾ, വോളിബോൾ, വടംവലി, മാരത്തൺ എന്നിവ ഇവിടെ അരങ്ങേറും. വെടിക്കെട്ട്, ലൈവ് ഷോകൾ, സാഹസിക മേഖലകൾ തുടങ്ങി ഫെസ്റ്റിവലിലെ മനോഹരമായ വേദികളിലൊന്നായിരിക്കും വാദി അൽ ഖൂദ്.
Adjust Story Font
16

