ഗതാഗത സംവിധാനം: ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള നഗരമായി മസ്‌കത്ത്
ട്രാഫിക് സിസ്റ്റംസ് എഫിഷ്യൻസി ഇൻഡക്സിൽ ഒന്നാം സ്ഥാനം

മസ്‌കത്ത്: ഗതാഗത സംവിധാനങ്ങളുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള നഗരമായി മസ്‌കത്ത് തിരഞ്ഞെടുക്കപ്പെട്ടു. ട്രാഫിക് സിസ്റ്റംസ് എഫിഷ്യൻസി ഇൻഡക്സിൽ നഗരം ലോകത്ത് ഒന്നാം സ്ഥാനം നേടി. നഗര മാനേജ്മെന്റിലും റോഡ് സുരക്ഷയിലും ഒമാന്റെ വർധിച്ചുവരുന്ന പ്രശസ്തിക്ക് അടിവരയിടുന്നതാണ് അംഗീകാരമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ആയ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ-ഷുറൈഖിയുടെ നേതൃത്വത്തിനും ഗതാഗത അടിസ്ഥാന സൗകര്യങ്ങളും ഉദ്യോഗസ്ഥരും ആധുനികവൽക്കരിക്കുന്നതിനുള്ള റോയൽ ഒമാൻ പൊലീസിന്റെ പരിശ്രമങ്ങൾക്കുമുള്ള അംഗീകാരമാണ് നേട്ടം. ഡിജിറ്റൽ മോണിറ്ററിംഗ് മുതൽ കാര്യക്ഷമമായ റോഡ് നെറ്റ്‌വർക്കുകൾ വരെയുള്ള നവീകരണങ്ങൾ പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനൊപ്പം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.
'നൂതന സാങ്കേതികവിദ്യകൾ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ എന്നിവയിലൂടെയുള്ള ശ്രദ്ധേയമായ പുരോഗതി'യുടെ പ്രതിഫലനമായാണ് റാങ്കിംഗ് എന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16

