ഒമാന്റെ ഗതാഗത മേഖലക്ക് പുത്തൻ കരുത്ത്; 15 ഹൈഡ്രജൻ വാഹനങ്ങൾ പുറത്തിറക്കി മുവാസലാത്ത്
ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷനും ആരംഭിച്ചു

മസ്‌കത്ത്: ഒമാന്റെ ഗതാഗത മേഖലക്ക് കരുത്തുപകർന്ന് മുവാസലാത്ത് 15 ഹൈഡ്രജൻ വാഹനങ്ങൾ പുറത്തിറക്കി. ഇതിന്റെ ഭാഗമായി മസ്‌കത്ത് വിമാനത്താവളത്തിന് സമീപം രാജ്യത്ത് ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷനും ആരംഭിച്ചു. ഒമാൻ ഷെല്ലുമായും നാമ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റുമായും സഹകരിച്ചാണ് മുവാസലാത്ത് ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിച്ചത്.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഷെൽ ഒമാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ വാഹന ഇന്ധന സ്റ്റേഷൻ സുസ്ഥിര ഗതാഗതത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. പ്രതിദിനം 130 കിലോഗ്രാം ഹൈഡ്രജൻ ഇന്ധനം ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ സ്റ്റേഷൻ, രാജ്യത്തിന്റെ ശുദ്ധമായ ഊർജ്ജ പരിവർത്തനത്തിലെ നാഴികക്കല്ലാണ്. എമിഷൻ-ഫ്രീ ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഒമാന്റെ വിഷൻ 2040 സുസ്ഥിരതാ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിന്റെയും ഭാഗമായാണ് ഒമാൻ ഷെല്ലുമായും നാമ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെന്റുമായും മുവാസലാത്തിന്റെ പങ്കാളിത്തം. പുതിയ ഷെൽ ഹൈഡ്രജൻ സ്റ്റേഷനിൽ പരമ്പരാഗത ഇന്ധന ഓപ്ഷനുകൾക്കൊപ്പം ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫാസ്റ്റ് ചാർജിംഗ് യൂണിറ്റുകളും ഉണ്ട്.
Adjust Story Font
16

