ഇനി ഇലക്ട്രിക് കാലം... സുഹാർ ഇന്റർനാഷണൽ ബാങ്കുമായി കരാറൊപ്പിട്ട് ഒമാൻ നാഷണൽ ഗ്രീൻ ട്രാൻസ്പോർട്ട് കമ്പനി
2030ഓടെ ഇവി വിപണി ഒരു ബില്യൺ റിയാലിലെത്തുമെന്ന് പ്രതീക്ഷ

മസ്‌കത്ത്: സുഹാർ ഇന്റർനാഷണൽ ബാങ്കുമായി കരാറുകളിൽ ഒപ്പുവച്ച് നാഷണൽ ഗ്രീൻ ട്രാൻസ്പോർട്ട് കമ്പനി. ഏകദേശം 29 ദശലക്ഷം റിയാലിന്റെ നിക്ഷേപം കണക്കാക്കുന്ന പദ്ധതിയിൽ സാമ്പത്തിക പങ്കാളിയായി പ്രവർത്തിക്കുന്നതിനായാണ് കരാർ. സലാലയിൽ നടന്ന ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിലാണ് കരാറൊപ്പിട്ടത്.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനും പാട്ടത്തിനെടുക്കാനും പ്രാപ്തമാക്കുന്ന നൂതന ധനസഹായ പരിഹാരങ്ങൾ വികസിപ്പിക്കുക, അതുവഴി ഒമാനിൽ സുസ്ഥിര ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നവരെ സഹായിക്കുക എന്നിവയാണ് സഹകരണത്തിന്റെ ലക്ഷ്യം.
ഒമാനിലെ 250 സർവീസ് സ്റ്റേഷനുകളുടെ ശൃംഖല പ്രയോജനപ്പെടുത്തുന്നതിനായി അൽ മഹാ പെട്രോളിയം പ്രോഡക്ട്സ് മാർക്കറ്റിംഗ് കമ്പനിയുമായും കമ്പനി കരാറിൽ ഒപ്പുവച്ചു. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ വിന്യസിക്കാനാണ് ഈ പങ്കാളിത്തം. കൂടാതെ, പ്രിസിഷൻ ട്യൂൺ ഓട്ടോ കെയർ വഴി അറ്റകുറ്റപ്പണികളും സാങ്കേതിക സേവനങ്ങളും നൽകുന്നതിന് ഓപാൽ മാർക്കറ്റിംഗ് ആൻഡ് ഇൻഡസ്ട്രീസുമായും കരാറിൽ ഒപ്പുവച്ചു.
2026 ആകുമ്പോഴേക്കും മസ്‌കത്തിലും മറ്റ് നിരവധി ഗവർണറേറ്റുകളിലുമായി 500 ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്യുക, 2027 ആകുമ്പോഴേക്കും ഒരു ദേശീയ ഗവേഷണ-ഇന്നൊവേഷൻ കേന്ദ്രം സ്ഥാപിക്കുക, 2032 ആകുമ്പോഴേക്കും 10,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങളും 200 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും പ്രവർത്തിപ്പിക്കുക എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്. 2035 ആകുമ്പോഴേക്കും വ്യാവസായിക പ്രാദേശികവൽക്കരണം കൈവരിക്കുകയും ലക്ഷ്യമാണ്.
2030 ആകുമ്പോഴേക്കും ഒമാനിലെ ഇലക്ട്രിക് ഗതാഗത വിപണി ഏകദേശം 30 ശതമാനം വാർഷിക വളർച്ചാ നിരക്കോടെ ഏകദേശം ഒരു ബില്യൺ റിയാലിൽ എത്തുമെന്ന് അന്താരാഷ്ട്ര കണക്കുകൾ സൂചിപ്പിക്കുന്നു.
Adjust Story Font
16

