ഒമാനിൽ പുതിയ മാധ്യമ നിയമ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു
മുഴുവൻ മാധ്യമ സ്ഥാപനങ്ങളും ലൈസൻസ് സ്വന്തമാക്കണം
മസ്കത്ത്: ഒമാനിൽ പുതിയ മാധ്യമ നിയമ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് വാർത്താവിനിമയ വിവര സാങ്കേതിക മന്ത്രാലയം. മാധ്യമ പ്രവർത്തനം നടത്തുന്നവർ, പ്രത്യേകിച്ച് പുതിയതും ഉയർന്നുവരുന്നതുമായ ഡിജിറ്റൽ മാധ്യമങ്ങൾ, നിയമത്തിൽ വിവരിച്ചിരിക്കുന്ന നിബന്ധനകൾക്കനുസൃതമായി ലൈസൻസ് നേടണമെന്ന് മന്ത്രാലയം അറിയിച്ചു.
ആഗോള മാധ്യമ രംഗത്ത്, പ്രത്യേകിച്ച് ഡിജിറ്റൽ മീഡിയയിലും സാമൂഹിക പ്ലാറ്റ്‌ഫോമുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് അനുസൃതമായാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. നിയന്ത്രണങ്ങൾ പ്രൊഫഷണലിസത്തിനും സുതാര്യതയ്ക്കും പ്രാധാന്യം നൽകുന്നതാണെന്നും മാധ്യമ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും മത്സരക്ഷമതയ്ക്കും പ്രോത്സാഹജനകമായ അന്തരീക്ഷം നൽകുന്നുവെന്നും ഇൻഫർമേഷൻ മന്ത്രി ഹിസ് എക്സലൻസി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രമുഖവും മികവുറ്റതുമായ ഒമാനി മാധ്യമങ്ങൾ ഉയർന്നു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
144 ആർട്ടിക്കിൾ അടങ്ങിയ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. അച്ചടിച്ചതും കലാപരമായതുമായ വസ്തുക്കൾക്കുള്ള ഇറക്കുമതി നിയന്ത്രണങ്ങൾ, വാർത്താ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് എപ്പോൾ ആവശ്യമാണ് എപ്പോൾ ആവശ്യമില്ല എന്നതിനെക്കുറിച്ചുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ, മാധ്യമ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ലൈസൻസിങ് നടപടിക്രമങ്ങൾ, ലൈസൻസുള്ള മാധ്യമ പ്രഫഷണലുകളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന ചട്ടങ്ങൾ എന്നിവയാണ് പ്രധാന വ്യവസ്ഥകൾ.
Adjust Story Font
16

