2026 ജനുവരിയിൽ 14.5 ലക്ഷം യാത്രികർ; ഒമാൻ വിമാനത്താവളങ്ങൾ മുഖേനയുള്ള യാത്രയിൽ 8.8% വർധന
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ പട്ടികയിൽ ഇന്ത്യൻ പൗരന്മാർ രണ്ടാമത്

മസ്‌കത്ത്: 2026 തുടക്കത്തിൽ ഒമാനിലെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ മൊത്തം യാത്രക്കാരുടെ എണ്ണം 8.8 ശതമാനം വർധിച്ചു. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025 ജനുവരി അവസാനത്തോടെ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം 14,52,911 ആയി. അറൈവൽ, ഡിപ്പാർച്ചർ, ട്രാൻസിറ്റ് എന്നിവ ഉൾപ്പെടെയാണിത്. 2025 ലെ ഇതേ കാലയളവിൽ ഇത് 13,34,825 ആയിരുന്നു.
അതേസമയം, ഒമാനിലെ വിവിധ വിമാനത്താവളങ്ങളിലൂടെ സർവീസ് നടത്തുന്ന അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം 8,032 ആയി, 2025 ജനുവരിയിൽ 7,820 വിമാനങ്ങളാണുണ്ടായിരുന്നത്. ഇതിൽ നിന്ന് 2.7 ശതമാനം വർധനവാണുണ്ടായത്.
മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് കൂടുതൽ യാത്ര. 2026 ജനുവരി അവസാനത്തോടെ വിമാനത്താവളത്തിലൂടെ 7,594 അന്താരാഷ്ട്ര വിമാന സർവീസുകൾ നടന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7,410 വിമാന സർവീസുകളാണുണ്ടായിരുന്നത്. 2.5 ശതമാനം വർധനവാണ് ഈ വർഷമുണ്ടായത്. ഈ അന്താരാഷ്ട്ര റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണവും 11,89,938 ആയി ഉയർന്നു, 2025 ജനുവരിയിൽ ഇത് 11,09,650 ആയിരുന്നു, 7.2 ശതമാനമാണ് വളർച്ച.
അതേസമയം, മസ്‌കത്ത് വഴിയുള്ള ആഭ്യന്തര യാത്രയിലും വൻ വർധനവുണ്ടായി. ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണത്തിലും 773 ൽ എത്തി, 1,07,423 യാത്രക്കാരായി ഉയർന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 93,895 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നു. ഈ വർഷം 14.4 ശതമാനമാണ് വർധന.
അതിനിടെ, സലാല വിമാനത്താവളത്തിലൂടെയുള്ള യാത്രയിലും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. 2025-ലെ ഇതേ കാലയളവിൽ 822 വിമാനങ്ങളാണ് സർവീസ് നടത്തിയതെങ്കിൽ 2026 ജനുവരി അവസാനത്തോടെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 916 ആയി. 11.4 ശതമാനമാണ് വർധന. യാത്രക്കാരുടെ എണ്ണം 19.2 ശതമാനം വർധിച്ച് 1,50,785 ആയി. കഴിഞ്ഞ വർഷം ഇത് 1,26,506 ആയിരുന്നു.
428 അന്താരാഷ്ട്ര വിമാന സർവീസുകൾ നടന്നു. 404 വിമാനങ്ങളിൽ നിന്ന് 5.9 ശതമാനം വർധന. അതേസമയം ആഭ്യന്തര വിമാന സർവീസുകൾ 488 ആയി, 2025 ജനുവരിയിലെ 418 വിമാന സർവീസുകളിൽ നിന്ന് 16.7 ശതമാനം വർധന.
അതേസമയം, സുഹാർ വിമാനത്താവളത്തിലും വർധന രേഖപ്പെടുത്തി, മൊത്തം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 18 ആയി, 80 ശതമാനം വർധന. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10 വിമാന സർവീസുകളാണുണ്ടായിരുന്നത്.
ദുഖം വിമാനത്താവളത്തിൽ, ജനുവരി അവസാനത്തോടെ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 52 ആയി. യാത്രക്കാരുടെ എണ്ണത്തിൽ 0.5 ശതമാനം നേരിയ കുറവ് രേഖപ്പെടുത്തി, 2025 ലെ ഇതേ കാലയളവിൽ 4,774 യാത്രക്കാർ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം 4,749 യാത്രക്കാരാണ് എത്തിയത്.
2026 ജനുവരിയിൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ പട്ടികയിൽ ഒമാനി പൗരന്മാരാണ് ഒന്നാമത്. 98,339 അറൈവലും 97,318 ഡിപ്പാർച്ചറും ഉൾപ്പെടെ ആകെ 1,95,657 യാത്രക്കാർ. 96,031 അറൈവലും 91,873 ഡിപ്പാർച്ചറും ഉൾപ്പെടെ 1,87,904 യാത്രക്കാരുമായി ഇന്ത്യൻ പൗരന്മാർ രണ്ടാം സ്ഥാനത്തെത്തി, പാകിസ്താൻ പൗരന്മാർ മൂന്നാമതാണ്. 24,059 അറൈവലും 24,487 ഡിപ്പാർച്ചറും ഉൾപ്പെടെ ആകെ 48,546 യാത്രക്കാർ.
Adjust Story Font
16

