കുതിച്ചുപായാൻ ഒമാൻ..; 2,525 കി.മീ. റോഡുകൾക്ക് 2026 ബജറ്റിൽ 270 കോടി റിയാൽ
മസ്‌കത്ത് എക്സ്പ്രസ് വേ വികസനം ഈ വർഷം തുടങ്ങും

മസ്‌കത്ത്: 2026 ലെ ഒമാൻ ബജറ്റിൽ ഏകദേശം 2,525 കിലോമീറ്റർ റോഡുകൾക്കായി 270 കോടി റിയാൽ വകയിരുത്തി. വിവിധ ഗവർണറേറ്റുകളിലെ പ്രധാന, ആഭ്യന്തര റോഡുകൾക്കാണ് ബജറ്റിൽ വൻ തുക വകയിരുത്തിയത്. മസ്‌കത്ത് എക്സ്പ്രസ് വേ റോഡ് പദ്ധതിയുടെ വികസനം ഈ വർഷം ആരംഭിക്കും.
സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് (ഖസബ് - ദിബ്ബ - ലിമ), സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ് (ആദം - തുംറൈത്ത്), അൽ കാമിൽ വൽ വാഫിയിൽ നിന്ന് സൂറിലേക്കുള്ള സുൽത്താൻ തുർക്കി ബിൻ സഈദ് റോഡ്, അൽ അൻസാബ്-അൽ ജിഫ്നൈൻ റോഡ്, റയ്സൂത്ത് - അൽ മുഗ്സൈൽ റോഡ്, ഹർവീബ് - മിതാൻ റോഡ്, നിസ്വയിലെ ഫർക്കിൽ നിന്ന് ഹെറിറ്റേജ് ഡിസ്ട്രിക്റ്റിലേക്കുള്ള കാര്യേജ് വേ എന്നിവയാണ് പൂർത്തീകരിക്കാനുള്ള റോഡുകൾ.
ഒമാന്റെ ടൂറിസം, ലോജിസ്റ്റിക്സ്, മറ്റ് സാമ്പത്തിക മേഖലകൾ എന്നിവക്ക് പ്രധാന റോഡ് പദ്ധതികളുടെ പൂർത്തീകരണം നിർണായകമാണ്. അതിനാലാണ് 2026 ലെ ബജറ്റിൽ തുക വകയിരുത്തിയത്.
Adjust Story Font
16

