Quantcast

ഒമാനിൽ ഈ ജോലിയിൽ പ്രവാസികൾക്ക് ഇളവ് തുടരും; 2027 ജൂൺ 30 വരെ അനുമതി, വ്യവസ്ഥകൾ ഇങ്ങനെ

ഒമാനി ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായാണ് പ്രവാസികളെ നിയമിക്കാൻ അനുമതി നൽകിയിരിക്കുന്നത്

MediaOne Logo

Gulf Desk

  • Published:

    25 Nov 2026 8:00 AM IST

ഒമാനിൽ ഈ ജോലിയിൽ പ്രവാസികൾക്ക് ഇളവ് തുടരും; 2027 ജൂൺ 30 വരെ അനുമതി, വ്യവസ്ഥകൾ ഇങ്ങനെ
X

മസ്‌കത്ത്: ഒമാനിലെ ഹോട്ടൽ റിസപ്ഷൻ ജോലികളിൽ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഇളവ് 2027 ജൂൺ 30 വരെ നീട്ടി പൈതൃക, വിനോദസഞ്ചാര മന്ത്രാലയം ഉത്തരവിറക്കി. ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ഒമാനി ജീവനക്കാരുടെ എണ്ണത്തിന് ആനുപാതികമായാണ് പ്രവാസികളെ നിയമിക്കാൻ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ നിയമങ്ങൾ കൃത്യമായി പാലിച്ച ഹോട്ടലുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഹോട്ടൽ വ്യവസായ മേഖലയുടെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി റിസപ്ഷനിസ്റ്റുകൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനുള്ള ഇളവ് നീട്ടിയത്.

ഒന്ന് മുതൽ മൂന്ന് വരെ ഒമാനി റിസപ്ഷനിസ്റ്റുകളുള്ള ഹോട്ടലുകൾക്ക് ഒരു പ്രവാസിയെയും, നാല് മുതൽ ആറ് വരെ ഒമാനി ജീവനക്കാരുള്ളവർക്ക് രണ്ട് പ്രവാസികളെയും നിയമിക്കാം. ഏഴോ അതിലധികമോ ഒമാനി റിസപ്ഷനിസ്റ്റുകളുള്ള സ്ഥാപനങ്ങൾക്ക് മൂന്ന് പ്രവാസികളെ വരെ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കാൻ അനുമതിയുണ്ട്. രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെയുള്ള ഷിഫ്റ്റിലാണ് പ്രവാസികൾക്ക് ജോലി ചെയ്യാൻ സാധിക്കുക. എന്നാൽ വെള്ളി, ശനി ദിവസങ്ങളിലും മറ്റ് ഔദ്യോഗിക അവധി ദിവസങ്ങളിലും ഈ ഇളവ് ബാധകമായിരിക്കില്ല. ഇളവ് ലഭിക്കുന്നതിനായി ഹോട്ടലുകൾ വാണിജ്യ രജിസ്‌ട്രേഷൻ, ജീവനക്കാരുടെ തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം മാനവ വിഭവശേഷി വികസന വകുപ്പ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം. അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ഒരു വർഷമായിരിക്കും സാധുതയെന്നും കാലാവധി കഴിഞ്ഞവർ ഉടൻ പുതുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

TAGS :

Next Story