Quantcast

അമീർ ശൈഖ് തമീമിന്റെ സന്ദർശനം: രണ്ട് ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് ഒമാനും ഖത്തറും

മൂന്ന് എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലും ഒപ്പുവച്ചു

MediaOne Logo

Web Desk

  • Published:

    30 Jan 2025 8:41 AM GMT

Amir Sheikh Tamims visit: Oman and Qatar sign two MoUs
X

മസ്‌കത്ത്: നയതന്ത്ര പരിശീലനത്തിലും സാമൂഹിക വികസനത്തിലും സഹകരണം ഉറപ്പാക്കുന്നതിനായി ഒമാനും ഖത്തറും രണ്ട് ധാരണാപത്രങ്ങളിൽ (എംഒയു) ഒപ്പുവച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി മസ്‌കത്തിൽ വെച്ചാണ് ഒപ്പുവെക്കൽ നടന്നത്. സംസ്‌കാരം, വിദ്യാഭ്യാസം, കായികം, യുവജനം എന്നീ മേഖലകളിലെ മൂന്ന് എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലും രാജ്യങ്ങൾ ഒപ്പുവച്ചു.

ഒമാൻ വിദേശകാര്യ മന്ത്രാലയവും (ഡിപ്ലോമാറ്റിക് അക്കാദമി) ഖത്തർ വിദേശകാര്യ മന്ത്രാലയവും (ഡിപ്ലോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട്) തമ്മിലുള്ള നയതന്ത്ര പരിശീലന സഹകരണത്തിനാണ് ആദ്യ ധാരണാപത്രം. ഒമാൻ സാമൂഹിക വികസന മന്ത്രാലയവും ഖത്തറിന്റെ സാമൂഹിക വികസന, കുടുംബ മന്ത്രാലയവും തമ്മിലുള്ള സാമൂഹിക വികസന മേഖലകളിലെ സഹകരണത്തിനാണ് രണ്ടാമത്തെ ധാരണാപത്രം.

ഖത്തർ വിദ്യാഭ്യാസ മന്ത്രാലയവും ഒമാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെ സഹകരണത്തിനായുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാമിലും ഇരുപക്ഷവും ഒപ്പുവച്ചു. ഒമാൻ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയവും ഖത്തർ കായിക, യുവജന മന്ത്രാലയവും തമ്മിലുള്ള കായിക, യുവജന മേഖലകളിലെ സഹകരണത്തിനായുള്ള രണ്ട് എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലും ഇരുപക്ഷവും ഒപ്പുവച്ചു. ഒമാനുവേണ്ടി ധനമന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്‌സി ധാരണാപത്രങ്ങളിലും എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലും ഒപ്പുവച്ചു. ഖത്തറിനുവേണ്ടി കായിക, വിദ്യാഭ്യാസ മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ അൽ താനിയും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയും കരാറുകളിൽ ഒപ്പുവച്ചു.

TAGS :

Next Story