വിദേശികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ഒമാൻ
വിദേശി നിക്ഷേപകരെ ആകർഷിക്കുന്നതിനും നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ഒമാന്റെ നീക്കം

മസ്‌കത്ത്: ദീർഘകാല വിസയ്ക്ക് പിന്നാലെ വിദേശികൾക്ക് ഗോൾഡൻ റസിഡൻസി (ഗോൾഡൻ വിസ) പ്രഖ്യാപിച്ച് ഒമാൻ. വിദേശി നിക്ഷേപകരെ ആകർഷിക്കുന്നതിനും നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ഒമാന്റെ നീക്കം.
സലാലയിലെ സുൽത്താൻ ഖാബൂസ് യുവജന സാംസ്‌കാരിക വിനോദ കേന്ദ്രത്തിൽ നടന്ന 'സുസ്ഥിര ബിസിനസ് പരിസ്ഥിതി' ഫോറത്തിന്റെ ഭാഗമായി, ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സയീദിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം. ഗോൾഡൻ റസിഡൻസി, കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ ട്രാൻസ്ഫറുകൾക്ക് ഡിജിറ്റൽ സേവനം തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ. ഈ മാസം 31 മുതൽ പുതിയ പദ്ധതികൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
ദീർഘകാല നിക്ഷേപ താൽപര്യമുള്ളവരെ ലക്ഷ്യമിട്ടാണ് 'ഗോൾഡൻ റസിഡൻസി' പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. കമ്പനികളുടെ കൊമേഴ്‌സ്യൽ രജിസ്ട്രേഷൻ ട്രാൻസ്ഫറുകൾക്ക് ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ വഴിയുള്ള ഡിജിറ്റൽ സേവനം ലഭ്യമാക്കും. ഇതുവഴി നിക്ഷേപകർക്ക് സമയവും ചെലവും കുറയുന്ന രീതിയിൽ സേവനം ലഭ്യമാകും. ഗോൾഡൻ വിസക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വന്നേക്കും. അതേസമയം, രാജ്യത്ത് 3,407 വിദേശികൾക്ക് ഇതുവരെ ദീർഘകാല റസിഡൻസി കാർഡുകൾ അനുവദിച്ചിട്ടുണ്ട്.
Adjust Story Font
16

