ഒമാനിൽ ദേശീയ രക്ഷാപ്രവർത്തന സംഘത്തിന്റെ രാജ്യാന്തര മൂല്യനിർണയ പരിപാടികൾക്ക് തുടക്കം
ഹെവി ലെവൽ ക്ലാസിഫിക്കേഷനാണ് ലക്ഷ്യം

മസ്കത്ത്: ഒമാനിൽ ദേശീയ തിരച്ചിൽ-രക്ഷാപ്രവർത്തന സംഘത്തിന്റെ രാജ്യാന്തര മൂല്യനിർണയ പരിപാടികൾക്ക് ഇന്ന് തുടക്കം. ഹെവി ലെവൽ ക്ലാസിഫിക്കേഷൻ ലക്ഷ്യമാക്കിയാണ് നടപടികൾ. രാജ്യാന്തര നിലവാരങ്ങൾക്കനുസൃതമായി ദേശീയ പ്രതികരണ സംവിധാനം വികസിപ്പിക്കാനുള്ള സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റിയുടെ (സിഡിഎഎ) ശ്രമങ്ങളുടെ ഭാഗമാണിത്. ആരോഗ്യമന്ത്രി ഡോ.ഹിലാൽ അലി അൽ സബ്തിയുടെ മേൽനോട്ടത്തിൽ അതോറിറ്റിയുടെ ആസ്ഥാനത്ത് വെച്ചാണ് പരിപാടികൾ നടന്നത്.
ഉദ്ഘാടന ചടങ്ങിൽ അതോറിറ്റിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ചിത്രവും രക്ഷാപ്രവർത്തന സംഘത്തിന്റെ പ്രവർത്തനങ്ങൾ എടുത്തുകാട്ടുന്ന പ്രത്യേക ചിത്രവും പ്രദർശിപ്പിച്ചു. 2015 ലെ നേപ്പാൾ ഭൂകമ്പം, 2023 ലെ തുർക്കി ഭൂകമ്പം എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസ ദൗത്യങ്ങളിലെ അവരുടെ അന്താരാഷ്ട്ര പങ്കാളിത്തം ചിത്രം എടുത്തുകാട്ടി. പ്രാദേശികമായുള്ള ഫീൽഡ് പ്രവർത്തനങ്ങളും സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയും ചിത്രത്തിൽ ഉൾപ്പെട്ടിരുന്നു.
പ്രത്യേക സംഘങ്ങളുടെ ഏറ്റവും പുതിയ ഉപകരണങ്ങളുടെ അവലോകനം, ലബോറട്ടറികളുടെയും ക്ലാസ് മുറികളുടെയും ആമുഖ ടൂർ, അപകടകരമായ വസ്തുക്കളെ നേരിടാനുള്ള പുതിയ വാഹനങ്ങൾ പുറത്തിറക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി. വിവിധ തരം സംഭവങ്ങളെ നേരിടാനുള്ള അതോറിറ്റിയുടെ ഉയർന്ന സജ്ജതയും കാര്യക്ഷമതയും ഊന്നിപ്പറയുന്നവയായിരുന്നു ഇവ.
Adjust Story Font
16

