സി.ബി.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയവുമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ
നൂറുശതമാനം വിജയമാണ് മിക്ക ഇന്ത്യൻ സ്കൂളുകളും നേടിയിരിക്കുന്നത്

മസ്കത്ത്: സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകളിൽ മികച്ച വിജയവുമായി ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ. നൂറുശതമാനം വിജയമാണ് മിക്ക ഇന്ത്യൻ സ്കൂളുകൾ നേടിയിരിക്കുന്നത്. സി.ബി.എസ്.ഇ പരീക്ഷാ ഫലം വെള്ളിയാഴ്ച പുറത്തു വന്നത് ഇന്ത്യയിൽ തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമാകുന്നതായി.
ഇന്ത്യയിൽ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യർഥികളും അവരുടെ രക്ഷിതാക്കളും പരീക്ഷാ ഫലം വൈകുന്നതിനെ തുടർന്നു ആശങ്കയിലായിരുന്നു .12 ാം ക്ലാസിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇന്ത്യയിൽ തന്നെയാണ് ഉപരിപഠനം നടത്തുന്നത്. നീറ്റ്,ഐസർ, എൻജിനീയറിങ് എന്നിവക്കുള്ള പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളും നിരവധിയാണ്. ഒമാനിൽ ഉപരിപഠനം ചെലവേറിയതിനാലും സൗകര്യങ്ങൾ കുറവായതിനാലുമാണ് വിദ്യാർഥികൾ നാട്ടിലേക്ക് നീങ്ങുന്നത്.
കേരളത്തിലെ കോളജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനത്തിനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. പരീക്ഷ ഫലം വൈകിയിരുന്നെങ്കിൽ ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ നൂറ് കണക്കിന് വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതയും അസ്തമിക്കുമായിരുന്നു. സി.ബി.എസ്.ഇ പരീക്ഷാ ഫലം വന്നതോടെ തുടർ വിദ്യാഭ്യാസത്തിന് അപേക്ഷ നൽകുന്ന തിരക്കിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
Adjust Story Font
16

