ഇറാനിലെ അമേരിക്കൻ വ്യോമാക്രമണം; അപലപിച്ച് ഒമാൻ
അമേരിക്കയുടെ നടപടി സംഘർഷം വർധിപ്പിക്കും

മസ്കത്ത്: ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ. അമേരിക്കയുടെ നടപടി സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതാണെന്നും ഒമാൻ പ്രസ്താവനയിൽ പറഞ്ഞു. അടിയന്തരമായി സംഘർഷം ഇല്ലാതാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും ഒമാൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇത്തരം സൈനിക നടപടികൾ അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ഗുരുതരമായ ലംഘനമാണെന്ന് സുൽത്താനേറ്റ് പറഞ്ഞു. അതേസമയം, മേഖലയിലെ സംഘർഷങ്ങൾക്കിടെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരുമായി ഫോണിൽ സംസാരിച്ചു. സംഘർഷത്തിൽ അടിസ്ഥാന സൗകര്യങ്ങളിലും സിവിലിയന്മാർക്കും ഉണ്ടാവുന്ന പ്രായാസവും മുഴുവൻ മേഖലയുടെയും സുരക്ഷയെയും സ്ഥിരതയെയും ബാധിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും നേതാക്കൾ ചർച്ച ചെയ്തു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും നേതാക്കൾ നിലപാട് വ്യക്തമാക്കി.
Adjust Story Font
16

